ടി20 ലോകകപ്പ് ഒന്നാം സെമിയില്‍ ഇറങ്ങാനിരിക്കെ ന്യൂസിലന്‍ഡിനു കനത്ത തിരിച്ചടി

 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പ് ഒന്നാം സെമിയില്‍ ഇറങ്ങാനിരിക്കെ ന്യൂസിലന്‍ഡിനു കനത്ത തിരിച്ചടി. അവരുടെ സ്റ്റാര്‍ പേസര്‍ മാറ്റ് ഹെൻ‍റി നാളെ കളിക്കുന്ന കാര്യം സംശയത്തിലാണെന്നു കിവി ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ വ്യക്തമാക്കി. സെമിക്ക് മുന്‍പ് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സാന്റ്‌നര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് താരം ന്യൂസിലന്‍ഡിലേക്ക് പറന്നതായും ഇന്ന് അര്‍ധ രാത്രിയോടെ തിരിച്ചെത്തുമെന്നുമാണ് നായകന്‍ പറഞ്ഞത്. ഹെൻ‍റി ഇന്ന് ടീം ക്യാംപിലേക്ക് തിരിച്ചെത്തിയാലും നാളെ കളിക്കാനിറങ്ങുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നാണ് സാന്റ്‌നര്‍ പറയുന്നത്. ന്യൂസിലന്‍ഡില്‍ നിന്നു ഇന്ത്യയിലേക്കുള്ള ദീര്‍ഘ നേരത്തെ വിമാന യാത്ര കഴിഞ്ഞു തിരിച്ചെത്തി കളിക്കാനുള്ള ശാരീരിക ക്ഷമത അദ്ദേഹത്തിനുണ്ടാകുമോ എന്ന കാര്യം സംശയത്തിലാണെന്നു കിവി നായകന്‍ ചൂണ്ടിക്കാട്ടുന്നു.

ന്യൂസിലന്‍ഡിന്റെ സെമി പ്രവേശത്തില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് ഹെൻ‍റി. സൂപ്പര്‍ എട്ടിലെ ശ്രീലങ്കക്കെതിരായ ജീവന്‍ മരണ പോരാട്ടത്തില്‍ 2 ഓവര്‍ എറിഞ്ഞ സ്റ്റാര്‍ പേസര്‍ വെറും 3 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്തു. താരത്തിന്റെ 10 പന്തുകള്‍ ഡോട്ട് ബോളുകളായിരുന്നു.