ടി20 ലോകകപ്പ്: റാഷിദ് ഖാൻ ടീമിനെ നയിക്കും; 15 അംഗ അഫ്ഗാൻ സംഘത്തെ പ്രഖ്യാപിച്ചു
2026-ൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ അഫ്ഗാനിസ്ഥാൻ പ്രഖ്യാപിച്ചു. സ്റ്റാർ ഓൾറൗണ്ടർ റാഷിദ് ഖാൻ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റൻ ഇബ്രാഹിം സദ്രാനാണ്. ഗുൽബദിൻ നയിബ്, നവീൻ ഉൾ ഹഖ്, മുജീബ് ഉർ റഹ്മാൻ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.
ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ലോകകപ്പിൽ, ഫെബ്രുവരി എട്ടിന് ചെന്നൈയിൽ വെച്ച് ന്യൂസിലൻഡിനെതിരെയാണ് അഫ്ഗാനിസ്ഥാന്റെ ആദ്യ പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിൽ ന്യൂസിലൻഡിനെ കൂടാതെ ദക്ഷിണാഫ്രിക്ക, യുഎഇ, കാനഡ എന്നീ ടീമുകളാണ് അഫ്ഗാന്റെ എതിരാളികൾ. ലോകകപ്പിന് മുന്നോടിയായി ജനുവരി 19 മുതൽ യുഎഇയിൽ വെച്ച് വെസ്റ്റ് ഇൻഡീസിനെതിരെ അഫ്ഗാനിസ്ഥാൻ മൂന്ന് ടി20 മത്സരങ്ങൾ കളിക്കുന്നുണ്ട്.
കഴിഞ്ഞ ലോകകപ്പിലെ മികച്ച പ്രകടനം ആവർത്തിക്കാൻ ടീമിന് കഴിയുമെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സിഇഒ നസീം ഖാൻ പ്രത്യാശ പ്രകടിപ്പിച്ചു.
അഫ്ഗാനിസ്ഥാൻ ടീം: റാഷിദ് ഖാൻ (ക്യാപ്റ്റൻ), ഇബ്രാഹിം സദ്രാൻ (വൈസ് ക്യാപ്റ്റൻ), റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പർ), സെദിഖുള്ള അടൽ, ദർവീഷ് റസൂലി, ഷാഹിദുള്ള കമൽ, അസ്മത്തുള്ള ഒമർസായി, ഗുൽബദിൻ നയിബ്, മുഹമ്മദ് നബി, നൂർ അഹ്മദ്, മുജീബ് ഉർ റഹ്മാൻ, നവീൻ ഉൾ ഹഖ്, ഫസൽഹഖ് ഫാറൂഖി, അബ്ദുള്ള അഹ്മദ്സായി.
റിസർവ് താരങ്ങൾ: എ.എം. ഗസൻഫർ, ഇജാസ് അഹ്മദ്സായി, സിയ ഉർ റഹ്മാൻ ഷാരിഫി.