ടി20 ലോകകപ്പ് ടീം പ്രഖ്യാപനം നാളെ; സഞ്ജുവിന്റെ കാര്യത്തിൽ ആകാംക്ഷ, സൂര്യകുമാർ യാദവ് നയിക്കും

 

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. സെലക്ഷൻ കമ്മിറ്റി യോഗത്തിന് ശേഷം ചെയർമാൻ അജിത് അഗാർക്കറും ക്യാപ്റ്റൻ സൂര്യകുമാർ യാദവും നടത്തുന്ന വാർത്താസമ്മേളനത്തിലാകും പ്രഖ്യാപനം. ലോകകപ്പ് ടീമിനൊപ്പം തന്നെ ജനുവരിയിൽ ന്യൂസീലൻഡിനെതിരെ നടക്കുന്ന പരമ്പരയ്ക്കുള്ള ടീമിനെയും നാളെത്തന്നെ പ്രഖ്യാപിക്കും.

ജനുവരി 11-ന് ആരംഭിക്കുന്ന ന്യൂസീലൻഡ് പരമ്പരയിൽ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണുള്ളത്. ലോകകപ്പിന് മുൻപുള്ള ഇന്ത്യയുടെ അവസാന ടി20 പരമ്പരയായതിനാൽ, ലോകകപ്പ് ടീമിലെ അംഗങ്ങൾ തന്നെയാകും ഈ പരമ്പരയിലും കളിക്കുക. വിക്കറ്റ് കീപ്പർമാരായി സഞ്ജു സാംസണും ജിതേഷ് ശർമ്മയും ടീമിലെത്താനാണ് സാധ്യത കൂടുതൽ. എന്നാൽ മുഷ്താഖ് അലി ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇഷാൻ കിഷനെ അവസാന നിമിഷം പരിഗണിക്കുമോ എന്നതാണ് ശ്രദ്ധേയം. 2024 ലോകകപ്പ് ടീമിൽ സഞ്ജു ഉണ്ടായിരുന്നെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ ഒഴിവാക്കപ്പെട്ട ഫിനിഷർ റിങ്കു സിംഗ് ടീമിലേക്ക് തിരിച്ചെത്തുമോ എന്നും ആരാധകർ ഉറ്റുനോക്കുന്നു.

അഭിഷേക് ശർമ്മ, തിലക് വർമ്മ തുടങ്ങിയ യുവതാരങ്ങൾക്കും ജസ്പ്രീത് ബുമ്ര നയിക്കുന്ന പേസ് നിരയിൽ ഹർഷിത് റാണയ്ക്കും അവസരം ലഭിച്ചേക്കും. ഹർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ തുടങ്ങിയ സീനിയർ താരങ്ങൾ ടീമിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

ഇന്ത്യയുടെ സാധ്യതാ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, തിലക് വർമ്മ, ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), അക്ഷർ പട്ടേൽ, ഹർദിക് പാണ്ഡ്യ, ശിവം ദുബെ, സഞ്ജു സാംസൺ/ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്.