തായ്‌പേയ് ഓപ്പൺ ബാഡ്മിന്റൺ; തൻവി ശർമയ്ക്ക് കന്നി കിരീടം
Aug 2, 2026, 14:19 IST
തായ്‌പേയ് ഓപ്പൺ ബാഡ്മിന്റൺ വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കി 17-കാരിയായ ഇന്ത്യൻ താരം തൻവി ശർമ. കലാശപ്പോരാട്ടത്തിൽ വിയറ്റ്‌നാമിന്റെ എൻഗുയെൻ തുയ് ലിന്നിനെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് തൻവി കന്നിക്കിരീടത്തിൽ മുത്തമിട്ടത്. സ്കോർ: 21-16, 21-16.
വെറും 36 മിനിറ്റിനുള്ളിൽ അവസാനിച്ച ഫൈനലിൽ തൻവിക്ക് മുന്നിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ വിയറ്റ്നാം താരത്തിനായില്ല. സെമി ഫൈനലിൽ തായ്‌പേയിയുടെ ഹുയാങ് യു സെന്നിനെ കീഴടക്കിയാണ് തൻവി ഫൈനലിൽ കടന്നത്. ബാഡ്മിന്റൺ വേൾഡ് ടൂറിലെ തൻവിയുടെ ആദ്യ കിരീടമാണിത്. നേരത്തെ ഒഡിഷ മാസ്റ്റേഴ്‌സ്, ഗുവാഹാട്ടി മാസ്റ്റേഴ്‌സ്, യു.എസ്. ഓപ്പൺ എന്നിവയിൽ താരം റണ്ണറപ്പായിരുന്നു.