പിന്തുണയ്ക്കും സ്‌നേഹത്തിനും പ്രാർത്ഥനകളിൽ ഓർത്തതിനും നന്ദി; ആരാധകർക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി സഞ്ജു സാംസൺ

 

ടി20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയെ വിജയത്തിലേക്കും സെമി ഫൈനലിലേക്കും നയിച്ച തകർപ്പൻ പ്രകടനത്തിന് പിന്നാലെ ആരാധകർക്ക് നന്ദി പറഞ്ഞ് സഞ്ജു സാംസൺ. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന നിർണ്ണായക മത്സരത്തിൽ 50 പന്തിൽ നിന്ന് പുറത്താകാതെ 97 റൺസെടുത്ത സഞ്ജുവിന്റെ ഇന്നിംഗ്‌സാണ് ഇന്ത്യൻ വിജയത്തിൽ നിർണ്ണായകമായത്. 12 ഫോറുകളും 4 സിക്‌സറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ പോരാട്ടം.

മത്സരശേഷം ഇൻസ്റ്റാഗ്രാമിലൂടെയാണ് സഞ്ജു ആരാധകർക്ക് നന്ദി അറിയിച്ചത്. "എനിക്ക് സ്‌നേഹവും പിന്തുണയും നൽകുകയും പ്രാർത്ഥനകളിൽ ഓർക്കുകയും ചെയ്ത ഓരോരുത്തരോടും ഹൃദയംഗമമായ നന്ദി അറിയിക്കുന്നു" എന്ന് അദ്ദേഹം കുറിച്ചു. ഇത്രയധികം സ്‌നേഹം ലഭിക്കുന്നത് തനിക്ക് വലിയ കാര്യമാണെന്നും കിരീടത്തിലേക്ക് ഇനി 'രണ്ട് ചുവടുകൾ കൂടി ബാക്കി' എന്നും സഞ്ജു കൂട്ടിച്ചേർത്തു. മാർച്ച് അഞ്ചിന് മുംബൈയിൽ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ സെമി ഫൈനൽ പോരാട്ടം.