സഞ്ജുവിന്റെ ബാറ്റിംഗിൽ തരൂർ 'വീണു'; വാംഖഡെയിലെ ഇന്നിങ്‌സിന് തരൂരിന്റെ വക 'സഞ്ജുക്കവിത'; വൈറലായി പോസ്റ്റ്

 

സഞ്ജു സാംസൺ എന്ന താരത്തോടുള്ള തന്റെ ആരാധന ശശി തരൂർ എംപി പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ കഴിഞ്ഞ ദിവസം വാംഖഡെയിൽ മുംബൈ ഇന്ത്യൻസിനെതിരെ സഞ്ജു നടത്തിയ ബാറ്റിംഗ് വെടിക്കെട്ട് തരൂരിലെ കവിഹൃദയത്തെയാണ് ഉണർത്തിയിരിക്കുന്നത്. സഞ്ജുവിന്റെ ക്ലാസ് ഇന്നിങ്‌സിനെ പ്രകീർത്തിച്ച് വരികളിലൂടെയുള്ള ഒരു 'സഞ്ജുക്കവിത' തന്നെ തരൂർ തന്റെ എക്‌സ് (X) ഹാൻഡിലിൽ പങ്കുവെച്ചു.

സഞ്ജുവിന്റെ ബാറ്റിംഗിലെ ലാളിത്യത്തെയും താളാത്മകമായ ശൈലിയെയും വർണ്ണിക്കുന്ന രീതിയിലായിരുന്നു തരൂരിന്റെ വരികൾ. ദീർഘമായ കുറിപ്പുകൾക്ക് പകരം, സഞ്ജുവിന്റെ ബാറ്റിംഗിലെ സൗന്ദര്യം കവിതയിലൂടെ അവതരിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. കരിയറിലെ മോശം സമയങ്ങളിൽ പോലും സഞ്ജുവിനെ പിന്തുണച്ചിട്ടുള്ള തരൂരിന്റെ ഈ പോസ്റ്റ് നിമിഷങ്ങൾക്കകമാണ് വൈറലായത്.

ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിനായി കളിക്കുന്ന സഞ്ജുവിന്റെ രണ്ടാം സെഞ്ച്വറിയായിരുന്നു ഇത്. 54 പന്തിൽ 101 റൺസുമായി പുറത്താകാതെ നിന്ന സഞ്ജു, മുംബൈക്കെതിരെ സെഞ്ച്വറി നേടുന്ന ആദ്യ ചെന്നൈ താരം എന്ന ചരിത്രനേട്ടവും സ്വന്തമാക്കി. 2018-ൽ ഷെയ്ൻ വാട്സണ് ശേഷം ഒരു ഐപിഎൽ സീസണിൽ രണ്ട് സെഞ്ച്വറികൾ നേടുന്ന ആദ്യ സിഎസ്‌കെ താരം കൂടിയായി സഞ്ജു മാറി.