ചാമ്പ്യൻസ് ലീഗ് സെമി പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം; ആദ്യ പാദത്തിൽ പിഎസ്ജി ബയേൺ മ്യൂണിക്കിനെ നേരിടും

 

യൂറോപ്യൻ ഫുട്ബോളിലെ രാജാക്കന്മാരെ നിശ്ചയിക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യ പാദ സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ പാരിസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) മുൻ ജേതാക്കളായ ബയേൺ മ്യൂണിക്കിനെ നേരിടും. പിഎസ്ജിയുടെ തട്ടകമായ പാർക് ഡെസ് പ്രിൻസസിലാണ് ആവേശകരമായ ഈ പോരാട്ടം നടക്കുന്നത്. ബുധനാഴ്ച നടക്കുന്ന രണ്ടാം സെമിയിൽ കന്നി കിരീടം ലക്ഷ്യമിടുന്ന ആഴ്സനലും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിൽ ഏറ്റുമുട്ടും.

ജർമ്മനിയിൽ ബുണ്ടസ് ലിഗ ചാമ്പ്യൻ പട്ടം നിലനിർത്തിയ ആത്മവിശ്വാസത്തിലാണ് വിൻസന്റ് കൊമ്പനിയുടെ കീഴിൽ ബയേൺ മ്യൂണിക്ക് പാരിസിലെത്തുന്നത്. ക്വാർട്ടർ ഫൈനലിൽ റയൽ മാഡ്രിഡിനെ ആധികാരികമായി പരാജയപ്പെടുത്തിയാണ് ബയേൺ സെമിയിലെത്തിയത്. സ്ട്രൈക്കർ സെർജ് നാബ്രിക്ക് പരിക്കേറ്റത് ടീമിന് തിരിച്ചടിയാണെങ്കിലും ഹാരിക്കെയ്ൻ നയിക്കുന്ന മുന്നേറ്റ നിരയിലാണ് ടീമിന്റെ പ്രധാന പ്രതീക്ഷ. മൈക്കൽ ഒലിസ്, ലൂയിസ് ഡയസ്, ജമാൽ മൂസിയാല, ജോഷ്വ കിമ്മിച്ച് എന്നിവർക്കൊപ്പം ഗോൾവലയ്ക്ക് മുന്നിൽ മാനുവൽ നൂയറും അണിനിരക്കുന്നതോടെ ബയേൺ കരുത്തുറ്റ പോരാട്ടം കാഴ്ചവെക്കുമെന്ന് ഉറപ്പാണ്.

മറുഭാഗത്ത് ഫ്രഞ്ച് ലീഗ് വൺ കിരീടത്തിലേക്ക് നീങ്ങുന്ന പിഎസ്ജി ക്വാർട്ടറിൽ ലിവർപൂളിനെ തകർത്തെറിഞ്ഞാണ് സെമിയിലേക്ക് യോഗ്യത നേടിയത്. ലൂയിസ് എൻറിക്കിന് കീഴിലിറങ്ങുന്ന ടീമിലേക്ക് പരിക്കുമാറി വിറ്റിഞ്ഞ തിരിച്ചെത്തുന്നത് മധ്യനിരയ്ക്ക് കരുത്താകും. ഉസ്മാൻ ഡെംബെലെ, ഡിസയർ ഡൂവ്, ഖ്വിച്ച ക്വാറത്‌സ്‌ഖേലിയ എന്നിവരടങ്ങുന്ന പിഎസ്ജിയുടെ ആക്രമണനിരയെ തടയുക ബയേൺ പ്രതിരോധത്തിന് കടുത്ത വെല്ലുവിളിയാകും. അഷ്റഫ് ഹക്കിമി, നൂനോ മെൻഡസ്, മാർക്കിഞ്ഞോസ് എന്നിവർ പ്രതിരോധം കാക്കുമ്പോൾ ജാവോ നെവസ്, ഫാബിയൻ റൂയിസ് എന്നിവർ മധ്യനിരയിലും അണിനിരക്കും.