21-ാം നൂറ്റാണ്ടിൽ ആദ്യം 27 വർഷത്തെ കാത്തിരിപ്പ്; മെൽബണിൽ അപൂർവ്വ നേട്ടവുമായി ഇംഗ്ലീഷ് പേസർ

 

മെൽബൺ ക്രിക്കറ്റ് മൈതാനത്ത് നടക്കുന്ന ആഷസ് ബോക്സിങ് ഡേ ടെസ്റ്റിൽ പുതിയ ചരിത്രമെഴുതി ഇംഗ്ലണ്ട് പേസർ ജോഷ് ടോംഗ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ആഷസ് ടെസ്റ്റിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയാണ് ടോംഗ് ഈ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കിയത്. 21-ാം നൂറ്റാണ്ടിൽ മെൽബൺ മൈതാനത്ത് (MCG) അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ആദ്യ ഇംഗ്ലീഷ് ബൗളറായി ഇതോടെ താരം മാറി.

ഏകദേശം 27 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഇംഗ്ലണ്ടിനായി ഒരു ബൗളർ മെൽബണിൽ ഈ നേട്ടം കൈവരിക്കുന്നത്. 1998-ൽ ഡാരൻ ഗഫും ഡീൻ ഹാഡ്‌ലിയുമാണ് ഇതിനു മുൻപ് ഇവിടെ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ഇംഗ്ലീഷ് താരങ്ങൾ. വെറും 11.2 ഓവറിൽ 45 റൺസ് മാത്രം വഴങ്ങിയാണ് ജോഷ് ടോംഗ് അഞ്ച് വിക്കറ്റുകൾ പിഴുതത്. ജാക്ക് വെതറാൾഡ്, മാർനസ് ലബുഷെയ്ൻ, ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, മിച്ചൽ നെസർ, സ്കോട്ട് ബോളണ്ട് എന്നിവരാണ് ടോംഗിന്റെ പന്തിൽ പുറത്തായത്.

സമീപകാലത്ത് ഓസ്‌ട്രേലിയൻ മണ്ണിൽ ആഷസ് പരമ്പരകളിൽ ഇംഗ്ലണ്ടിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ 18 ടെസ്റ്റുകളിലും ഓസീസിനെ അവരുടെ നാട്ടിൽ തോൽപ്പിക്കാൻ ഇംഗ്ലണ്ടിനായിട്ടില്ല. ഈ സാഹചര്യത്തിൽ ജോഷ് ടോംഗിന്റെ തകർപ്പൻ പ്രകടനം ഇംഗ്ലണ്ട് നിരയിൽ വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.