കോലിയെ അപകീർത്തിപ്പെടുത്താൻ മാധ്യമങ്ങൾ പണം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി ജർമൻ മോഡൽ

 

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോലിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ മാധ്യമങ്ങൾ പണം വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തലുമായി ജർമൻ മോഡൽ ലിസ്ലാസ്. ചില മാധ്യമസ്ഥാപനങ്ങൾ തന്നെ സമീപിച്ചുവെന്നും കോലിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തുന്ന രീതിയിൽ സംസാരിക്കാൻ പണം നൽകാമെന്ന് പറഞ്ഞതായും അവർ വെളിപ്പെടുത്തി. ഫിൽമിമന്ത്രയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ലിസ്ലാസിന്റെ ഈ ഞെട്ടിക്കുന്ന പ്രതികരണം.

മുൻപ് വിരാട് കോലിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് ലിസ്ലാസിന്റെ ഒരു ചിത്രത്തിന് ലൈക്ക് ലഭിച്ചത് വലിയ ചർച്ചയായിരുന്നു. ഈ സംഭവം മുൻനിർത്തി കോലി ഒരിക്കലും ചെയ്തിട്ടില്ലാത്ത കാര്യങ്ങൾ ആരോപണങ്ങളായി ഉന്നയിക്കാനാണ് മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടത്. എന്നാൽ, താൻ എന്തിനാണ് പണത്തിനായോ പബ്ലിസിറ്റിക്കായോ ഒരാളെ അപകീർത്തിപ്പെടുത്തുന്നതെന്ന് അവർ ചോദിച്ചു. കോലിയാണ് തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമെന്നും അദ്ദേഹത്തെ മോശക്കാരനാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വലിയ ആരാധികയായ ലിസ്ലാസ് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ വ്യക്തിയാണ്. ദക്ഷിണാഫ്രിക്കയിൽ ജനിച്ച ഇവർ ജർമൻ, ഫ്രഞ്ച്, റഷ്യൻ ഉൾപ്പെടെ ഏഴോളം ഭാഷകളിൽ പ്രാവീണ്യമുണ്ട്. 2025-ൽ സമാനമായ രീതിയിൽ ഇന്ത്യൻ മോഡൽ അവ്നീത് കൗറിന്റെ ചിത്രത്തിന് കോലിയുടെ അക്കൗണ്ടിൽ നിന്ന് ലൈക്ക് വന്നപ്പോൾ അത് 'അൽഗൊരിതം ഗ്ലിച്ച്' ആണെന്ന് കോലി വിശദീകരിച്ചിരുന്നു. തന്റെ പ്രിയതാരത്തെ കുടുക്കാൻ നടന്ന ഗൂഢാലോചന തുറന്നുപറഞ്ഞ ലിസ്ലാസിന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്.