ലയണൽ മെസിയെ ബോംബാക്രമണത്തിലൂടെ വധിക്കാൻ പദ്ധിയിട്ടിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

 

 

2026 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കിടെ അർജന്‍റീന നായകൻ ലയണൽ മെസിയെ ബോംബാക്രമണത്തിലൂടെ വധിക്കാൻ പദ്ധിയിട്ടിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. യുഎസ് സുരക്ഷാ ഏജൻസികളും എഫ്.ബി.ഐയും മറ്റ് രാജ്യങ്ങളിലെ പൊലീസും ചേർന്ന് തയ്യാറാക്കിയ രഹസ്യ സുരക്ഷാ റിപ്പോർട്ടിനെ ഉദ്ധരിച്ച് സ്പാനിഷ് മാധ്യമമായ 'ഇൻഫോർമേഷൻ.എസ്' ആണ് വിവരങ്ങൾ പുറത്തുവിട്ടത്. ടൂർണമെന്‍റിലുടനീളം ഭീകരാക്രമണ ഭീഷണികളും വ്യക്തിപരമായ വധഭീഷഷണികളും ഏറ്റവും കൂടുതൽ ലഭിച്ച താരം മെസിയാണെന്ന് സുരക്ഷാ ഏജൻസികളുടെ രേഖകൾ വ്യക്തമാക്കുന്നു.

അർജന്‍റീനയും ജോർദാനും തമ്മിൽ ഡാള്ളസിൽ നടന്ന മത്സരത്തിന് തൊട്ടുമുമ്പ് ഡാള്ളസ് വിമാനത്താവളത്തിലേക്ക് ലഭിച്ച ഒരു സന്ദേശമാണ് സുരക്ഷാ ഏജൻസികളെ ആദ്യ ഘട്ടത്തിൽ ഞെട്ടിച്ചത്. താനും മറ്റ് രണ്ടുപേരും നാടൻ ബോംബുകളും മാരകശേഷിയുള്ള 'എആര്‍ 15' തോക്കുകളുമായി സ്റ്റേഡിയത്തിലേക്ക് നീങ്ങുകയാണെന്നും മെസിയെയും ഇരു ടീമുകളിലെയും കളിക്കാരെയും ആക്രമിക്കുമെന്നുമായിരുന്നു വിളിച്ചയാൾ അവകാശപ്പെട്ടത്.

അറ്റ്ലാന്റയിൽ ഈജിപ്തിനെതിരെയുള്ള അർജന്‍റീനയുടെ മത്സരത്തിന് മുന്നോടിയായി എക്സ് പ്ലാറ്റ്‌ഫോമിലൂടെയും സമാനമായ ഭീഷണിയുയർന്നു. സ്വന്തം ശരീരത്തിൽ നാല് ബോംബുകൾ ഘടിപ്പിച്ച് സ്റ്റേഡിയത്തിൽ കടന്ന് മെസിയെ ആക്രമിക്കുമെന്നായിരുന്നു ഒരു അക്കൗണ്ടിൽ നിന്നുള്ള മുന്നറിയിപ്പ്. ഇതിന് പിന്നാലെ അറ്റ്ലാന്‍റയിലെ സ്റ്റേഡിയത്തിനുള്ളിൽ മൂന്ന് വെവ്വേറെ ഇടങ്ങളിൽ ബോംബുകൾ വെച്ചിട്ടുണ്ടെന്ന് കാണിച്ച് പൊലീസിന് സന്ദേശം ലഭിച്ചു. ഇതോടെ കെ-9 നായകളും ബോംബ് സ്‌ക്വാഡ് വിദഗ്ധരും സ്റ്റേഡിയത്തിൽ വ്യാപകമായ പരിശോധന നടത്തി സുരക്ഷ ശക്തമാക്കി.