ലോകകപ്പിനെ ‘പന്തുകളി’ക്കൊപ്പം വരവേൽക്കാം; പുതിയ ഫുട്ബോൾ റാപ്പ് ഗാനവുമായി വേടൻ

 
2026 ഫിഫ ലോകകപ്പിന്റെ ആവേശം വാനോളമുയർത്തി പുതിയ റാപ്പ് ഗാനവുമായി ജനപ്രിയ റാപ്പർ വേടൻ. ‘പന്തുകളി’ എന്ന് പേരിട്ടിരിക്കുന്ന ഫുട്ബോൾ പശ്ചാത്തലത്തിലുള്ള ഈ മ്യൂസിക് വീഡിയോ നിലവിൽ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. വേടൻ (ഹിരൺദാസ് മുരളി) തന്നെയാണ് ഈ ഗാനത്തിന്റെ രചനയും ആലാപനവും നിർവ്വഹിച്ചിരിക്കുന്നത്. 

സൂപ്പർ ലീഗ് കേരളയാണ് (SLK) ഈ കായിക ആൽബം നിർമിച്ചിരിക്കുന്നത്. ഗൗതം ബാബുവാണ് ഗാനത്തിന്റെ മനോഹരമായ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. മൈതാനത്തെ ആവേശകരമായ ഫുട്ബോൾ കളിയുടെ ദൃശ്യങ്ങൾക്കൊപ്പം വേടന്റെ തനത് റാപ്പിങ് ശൈലിയും ഒത്തുചേരുന്നതാണ് വീഡിയോ. ലോകകപ്പിനെ ‘പന്തുകളി’യോടെ വരവേൽക്കുന്നു എന്ന കുറിപ്പോടെയാണ് അണിയറപ്രവർത്തകർ ഗാനം പുറത്തുവിട്ടത്.

2020-ൽ പുറത്തിറങ്ങിയ ‘വോയ്‌സ് ഓഫ് ദ് വോയ്‌സ്‌ലെസ്’ എന്ന ആദ്യ സിംഗിളിലൂടെയാണ് വേടൻ മലയാളം റാപ്പ് രംഗത്ത് ശ്രദ്ധേയനാകുന്നത്. തുടർന്ന് ‘ഭൂമി ഞാൻ വാഴുന്നിടം’, ‘എണ്ണക്കറുപ്പ്’ തുടങ്ങിയ ആൽബങ്ങളും ഹിറ്റായി മാറി. ജനപ്രിയ ചിത്രമായ ‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന സിനിമയിലെ ‘കുതന്ത്രം’ എന്ന ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും വേടൻ സ്വന്തമാക്കിയിരുന്നു. പുതിയ ഫുട്ബോൾ റാപ്പിനും മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്.

<a style="border: 0px; overflow: hidden" href=https://youtube.com/embed/wi3qJNPGMc4?autoplay=1&mute=1><img src=https://img.youtube.com/vi/wi3qJNPGMc4/hqdefault.jpg alt=""><span><div class="youtube_play"></div></span></a>" title="Vedan - Panthukali | SLK | Welcoming the World Cup 2026 with Panthukali." width="997">