അവർ എന്നെ അപമാനിച്ചു, അതുകൊണ്ട് ഇറങ്ങിപ്പോന്നു; പി.സി.ബിക്കെതിരെ ജാസൻ ഗില്ലെസ്പി

 

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB) തന്നെ പലതവണ അപമാനിച്ചതുകൊണ്ടാണ് ടെസ്റ്റ് ടീം പരിശീലക സ്ഥാനം രാജിവെച്ചതെന്ന് വെളിപ്പെടുത്തി മുൻ ഓസീസ് താരം ജാസൻ ഗില്ലെസ്പി. തന്നോട് ആലോചിക്കാതെയാണ് ബോർഡ് പല നിർണ്ണായക തീരുമാനങ്ങളും എടുത്തതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2024-ൽ പാക് പരിശീലകനായി ചുമതലയേറ്റ ഗില്ലെസ്പി കേവലം എട്ടു മാസങ്ങൾ മാത്രമാണ് ആ സ്ഥാനത്ത് ഇരുന്നത്. പാകിസ്ഥാന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷമാണ് അദ്ദേഹം പടിയിറങ്ങിയത്.

താൻ പരിശീലകനായിരിക്കെ തന്റെ ടീമിലുണ്ടായിരുന്ന സീനിയർ അസിസ്റ്റന്റ് കോച്ച് ടി. നില്‍സനെ തന്നോട് ചോദിക്കാതെ പുറത്താക്കിയത് വലിയ അപമാനമായി തോന്നിയെന്ന് ഗില്ലെസ്പി പറഞ്ഞു. ടീം തിരഞ്ഞെടുപ്പിലും സപ്പോർട്ട് സ്റ്റാഫിന്റെ നിയമന കാര്യങ്ങളിലും ബോർഡ് തന്നെ പൂർണ്ണമായി അവഗണിക്കുകയായിരുന്നു. പല പ്രധാന വിഷയങ്ങളും താനുമായി ചർച്ച ചെയ്തിരുന്നില്ലെന്നും ഇത് ഒരു പരിശീലകൻ എന്ന നിലയിൽ അസ്വീകാര്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബംഗ്ലാദേശിനോട് സ്വന്തം നാട്ടിൽ 0-2ന് പരാജയപ്പെട്ടുകൊണ്ട് മോശം തുടക്കമായിരുന്നു ഗില്ലെസ്പിയുടേതെങ്കിലും, പിന്നാലെ നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 2-1ന് വിജയിച്ചുകൊണ്ട് അദ്ദേഹം പാക് ടീമിനെ തിരികെ കൊണ്ടുവന്നിരുന്നു. ആദ്യ ടെസ്റ്റ് പരാജയപ്പെട്ട ശേഷം തുടരെ രണ്ട് മത്സരങ്ങൾ വിജയിച്ചാണ് പാകിസ്ഥാൻ ഇംഗ്ലണ്ടിനെതിരെ പരമ്പര പിടിച്ചത്. ടീമിൽ ഊർജ്ജം നിറയ്ക്കാൻ അദ്ദേഹത്തിന് സാധിച്ചെങ്കിലും ബോർഡുമായുള്ള ബന്ധം വഷളായതോടെയാണ് രാജിവെച്ച് മടങ്ങാൻ അദ്ദേഹം തീരുമാനിച്ചത്.