‘ഇത് നാണക്കേടാണ്, ഐ.സി.സി ഇടപെടണം’; ഇന്ത്യ-പാക് താരങ്ങളുടെ മോശം പെരുമാറ്റത്തിനെതിരെ ഹർഭജൻ സിങ്

 

ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരങ്ങൾക്കിടെ ഇരുടീമുകളിലെയും താരങ്ങളുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ് രംഗത്തെത്തി. അടുത്തിടെ നടന്ന ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് മത്സരത്തിനിടെ താരങ്ങൾ പലതവണ വാക്കേറ്റത്തിലേർപ്പെട്ട പശ്ചാത്തലത്തിലാണ് ഹർഭജന്റെ പ്രതികരണം. ഇത്തരം സംഭവങ്ങളിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും (ഐ.സി.സി) അതത് ക്രിക്കറ്റ് ബോർഡുകളും കർശനമായി ഇടപെടേണ്ടതുണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മത്സരശേഷമുള്ള കളിക്കാരുടെ പ്രതികരണങ്ങളും മൈതാനത്തുണ്ടായ സംഭവങ്ങളും ഒട്ടും ശരിയല്ലെന്നും, ഇത് ക്രിക്കറ്റിന് നാണക്കേടും അടുത്ത തലമുറയ്ക്ക് മോശം മാതൃകയുമാണെന്നും ഹർഭജൻ വ്യക്തമാക്കി.

മത്സരത്തിന്റെ രണ്ട് ഇന്നിങ്‌സുകളിലും ഇന്ത്യൻ പേസർ ഹർഷിത് റാണയും പാക് താരങ്ങളും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായിരുന്നു. പാകിസ്താൻ ഇന്നിങ്‌സിന്റെ 40-ാം ഓവറിൽ ഹർഷിത് എറിഞ്ഞ നോ ബോളിൽ റൺസ് ഓടുന്നതിനിടെ പാക് ബാറ്റർ മുഹമ്മദ് ഇമ്രാൻ രൺദാവ ഹർഷിതുമായി കൂട്ടിയിടിച്ചതാണ് ആദ്യം തർക്കത്തിന് വഴിവെച്ചത്. കൂടാതെ പാകിസ്താൻ എ ഓപ്പണർ ഷാമിൽ ഹുസൈൻ ഔട്ടായപ്പോൾ 'ഡ്രസ്സിങ് റൂമിലേക്ക് മടങ്ങാൻ' ആംഗ്യം കാണിച്ചുകൊണ്ട് ഹർഷിത് രൂക്ഷമായി പ്രതികരിക്കുകയും, മറ്റൊരു ഓപ്പണറായ സദാഖതുമായി വാഗ്വാദത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു.

ഇതിന് മറുപടിയായി ഇന്ത്യൻ ഇന്നിങ്‌സിൽ റണ്ണൊന്നുമെടുക്കാതെ പുറത്തായി മടങ്ങുകയായിരുന്ന ഹർഷിത് റാണയ്ക്ക് നേരെ പാക് താരങ്ങൾ തിരിയുകയും പ്രകോപിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ റാണ പ്രതികരിക്കാതെ നടന്നുനീങ്ങിയതോടെ ഫീൽഡ് അമ്പയർമാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. വാശിയേറിയ ഈ മത്സരത്തിൽ ഇന്ത്യ എയെ 48 റൺസിനാണ് പാകിസ്താൻ എ പരാജയപ്പെടുത്തിയത്. 314 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എയ്ക്കായി ക്യാപ്റ്റൻ തിലക് വർമ 149 പന്തിൽ 100 റൺസ് നേടി പൊരുതിയെങ്കിലും 49.1 ഓവറിൽ 265 റൺസിന് ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു.