ഇത് സഞ്ജു സ്പെഷ്യൽ! ചേസിങ്ങിലെ കോലിയുടെ റെക്കോർഡും മറികടന്നു
ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക പോരാട്ടത്തിൽ സഞ്ജു സാംസൺ കുറിച്ചത് വെറുമൊരു വിജയമല്ല, മറിച്ച് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഒരു പുതിയ റെക്കോർഡുകൂടിയാണ്. ലോകകപ്പിലെ റൺ ചേസിംഗിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ എന്ന വിരാട് കോലിയുടെ റെക്കോർഡാണ് സഞ്ജു തകർത്തത്.
2016-ൽ ഓസ്‌ട്രേലിയക്കെതിരെയും 2022-ൽ പാകിസ്താനെതിരെയും കോലി നേടിയ പുറത്താകാത്ത 82 റൺസ് എന്ന റെക്കോർഡാണ് സഞ്ജുവിന്റെ 50 പന്തിൽ നിന്നുള്ള പുറത്താകാത്ത 97 റൺസ് ഇന്നിങ്‌സിനു മുന്നിൽ വഴിമാറിയത്. ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന വിജയകരമായ റൺ ചേസിംഗ് കൂടിയായിരുന്നു ഇത്.
ഈ ഇന്നിങ്‌സോടെ സുരേഷ് റെയ്‌നയുടെ 101 റൺസിന് ശേഷം ഒരു ഇന്ത്യൻ താരം ലോകകപ്പിൽ നേടുന്ന ഉയർന്ന രണ്ടാമത്തെ സ്കോർ എന്ന നേട്ടവും സഞ്ജു സ്വന്തമാക്കി. കൂടാതെ ലോകകപ്പിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ നേടുന്ന ഏറ്റവും ഉയർന്ന സ്കോറും ഇനി സഞ്ജുവിന്റെ പേരിലായിരിക്കും. 12 ഫോറും 4 സിക്സറുകളും അടങ്ങിയ സഞ്ജുവിന്റെ പോരാട്ടം ഇന്ത്യയെ ആറാം തവണയും ലോകകപ്പ് സെമിഫൈനലിലേക്ക് നയിച്ചു. മാർച്ച് 5-ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം സെമിഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെയാകും നേരിടുക.