കാലിക്കറ്റിന്റെ തട്ടകത്തിൽ തൃശൂർ മാജിക് എഫ്.സിക്ക് കനത്ത തോൽവി; എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു, തൃശൂർ സെമി കാണാതെ പുറത്ത്
സൂപ്പർ ലീഗ് കേരള ഫുട്ബോൾ ടൂർണമെന്റിൽ സ്വന്തം തട്ടകമായ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലെ അവസാന മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കി കാലിക്കറ്റ് എഫ്.സി. തൃശൂർ മാജിക് എഫ്.സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കാലിക്കറ്റ് പരാജയപ്പെടുത്തിയത്. ഈ കനത്ത തോൽവിയോടെ തൃശൂർ മാജിക് എഫ്.സി സെമി ഫൈനൽ കാണാതെ ടൂർണമെന്റിൽ നിന്ന് പുറത്തായി; അതേസമയം ലീഗ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ പോയന്റ് നേടിയതിനുള്ള ലീഗ് ഷീൽഡ് സ്വന്തമാക്കിയ കാലിക്കറ്റ് എഫ്.സി തങ്ങളുടെ ആകെ സമ്പാദ്യം 23 പോയന്റാക്കി ഉയർത്തി.
മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ ആതിഥേയർക്കായി 15-ാം മിനിറ്റിൽ മാക്സിമിലാനോ നിക്കോളാസ് ഉറൂട്ടി ആദ്യ ഗോൾ നേടി ലീഡ് സമ്മാനിച്ചു. രണ്ടാം പകുതിയിലും ആക്രമണം തുടർന്ന കാലിക്കറ്റിനായി 52-ാം മിനിറ്റിൽ ഉറൂട്ടി നൽകിയ കൃത്യതയാർന്ന പാസിൽ നിന്ന് ലിയനാർഡോ സാന്റോ രണ്ടാം ഗോൾ വലയിലാക്കി. പിന്നീട് 79-ാം മിനിറ്റിൽ മുഹമ്മദ് റിയാസ് നൽകിയ പാസിൽ നിന്ന് എ. ആൻഡ്രൂസ് ഗോൾ നേടിയതോടെ കാലിക്കറ്റ് എഫ്.സി തങ്ങളുടെ ആധികാരിക വിജയം പൂർത്തിയാക്കി.
മത്സരത്തിലേക്ക് തിരിച്ചുവരാൻ തൃശൂർ മാജിക് എഫ്.സിക്ക് ആദ്യ പകുതിയിൽ സുവർണ്ണാവസരങ്ങൾ ലഭിച്ചെങ്കിലും നിർഭാഗ്യം വില്ലനായി. 34-ാം മിനിറ്റിൽ നൈജീരിയൻ താരം വാലന്റൈൻ ചീമേരി ഉതിർത്ത തകർപ്പൻ ഷോട്ട് ഗോൾ പോസ്റ്റിൽ തട്ടി തെറിച്ചപ്പോൾ, 38-ാം മിനിറ്റിൽ വാലന്റൈന്റെ പാസിൽ നിന്ന് എൻ.എ. അർഷിദ് നടത്തിയ ഗോൾ ശ്രമം പോസ്റ്റിനെ തൊട്ടുമ്മി പുറത്തേക്ക് പോയത് തൃശൂരിന് വലിയ നിരാശയായി.