ഐസിസി ടി20 റാങ്കിങ്ങിൽ തിലക് വർമയ്ക്കും വരുൺ ചക്രവർത്തിക്കും വൻ കുതിപ്പ്

 

ഐസിസി പുറത്തുവിട്ട ഏറ്റവും പുതിയ പുരുഷ ടി20 റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങളായ തിലക് വർമയ്ക്കും വരുൺ ചക്രവർത്തിക്കും ചരിത്ര നേട്ടം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ മിന്നും പ്രകടനത്തിന്റെ കരുത്തിൽ ബാറ്റിങ് റാങ്കിങ്ങിൽ തിലക് വർമ മൂന്നാം സ്ഥാനത്തെത്തി. 805 റേറ്റിങ് പോയിന്റോടെ ശ്രീലങ്കയുടെ പാത്തും നിസങ്കയെ പിന്നിലാക്കിയാണ് തിലകിന്റെ ഈ കുതിപ്പ്. ഇന്ത്യയുടെ യുവതാരം അഭിഷേക് ശർമയാണ് ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്.

ഇംഗ്ലണ്ടിന്റെ ഫിൽ സാൽട്ട് രണ്ടാം സ്ഥാനത്തും, പാത്തും നിസങ്ക (ശ്രീലങ്ക) നാലാം സ്ഥാനത്തും, ജോസ് ബട്ട്‌ലർ (ഇംഗ്ലണ്ട്) അഞ്ചാം സ്ഥാനത്തുമാണ്. പാകിസ്ഥാന്റെ ഷാഹിസാദ ഫർഹാൻ ആറാമതും ദക്ഷിണാഫ്രിക്കൻ താരം ഡെവാൾഡ് ബ്രെവിസ് പത്താം സ്ഥാനത്തുമുണ്ട്. അതേസമയം, ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 13-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ബൗളിങ് റാങ്കിങ്ങിൽ ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. ന്യൂസിലൻഡിന്റെ ജേക്കബ് ഡഫി രണ്ടാം സ്ഥാനത്തും അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാൻ മൂന്നാം സ്ഥാനത്തുമുണ്ട്. പാകിസ്ഥാന്റെ അബ്രാർ അഹമ്മദ്, ശ്രീലങ്കയുടെ വാനിന്ദു ഹസരംഗ എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. ഇന്ത്യയുടെ അക്ഷർ പട്ടേൽ ബൗളിങ് റാങ്കിങ്ങിൽ 15-ാം സ്ഥാനത്താണ്.