ടോട്ടനം ഇതിഹാസം ടെറി ഡൈസൻ അന്തരിച്ചു; ആഴ്സണലിനെതിരെ ഹാട്രിക് നേടിയ ഏക സ്പർസ് താരം
ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബ് ടോട്ടനം ഹോട്സ്പറിന്റെ ഇതിഹാസ താരം ടെറി ഡൈസൻ (91) അന്തരിച്ചു. ആഴ്സണലിനെതിരെ നോർത്ത് ലണ്ടൻ ഡാർബിയിൽ ഹാട്രിക് നേടിയ ഒരേയൊരു ടോട്ടനം താരമെന്ന അപൂർവ റെക്കോർഡിനുടമയാണ് അദ്ദേഹം.
പത്ത് വർഷത്തോളം ടോട്ടനം ജേഴ്സിയിൽ കളിച്ച ടെറി 209 മത്സരങ്ങളിൽ നിന്ന് 55 ഗോളുകൾ നേടിയിട്ടുണ്ട്. 1960-61 സീസണിൽ ലീഗ് ചാമ്പ്യൻഷിപ്പും എഫ്.എ കപ്പും നേടി ആഭ്യന്തര ഡബിൾ സ്വന്തമാക്കിയ ചരിത്രപ്രസിദ്ധമായ ബിൽ നിക്കോൾസന്റെ ടോട്ടനം ടീമിൽ നിർണായക പങ്കുവഹിച്ചു. 20-ാം നൂറ്റാണ്ടിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇംഗ്ലീഷ് ക്ലബ്ബായിരുന്നു ടോട്ടനം. 1961-ലെ എഫ്.എ കപ്പ് ഫൈനലിൽ ലെസ്റ്റർ സിറ്റിക്കെതിരെ ഡൈസൻ ഗോൾ നേടിയിരുന്നു.
1963-ലെ യൂറോപ്യൻ കപ്പ് വിന്നേഴ്സ് കപ്പ് ഫൈനലിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ 5-1ന് തകർത്ത മത്സരത്തിൽ രണ്ട് ഗോളുകൾ നേടി ക്ലബ്ബിന് ആദ്യ യൂറോപ്യൻ കിരീടം സമ്മാനിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഫുൾഹാം, കോൾചെസ്റ്റർ, ഗിൽഡ്ഫോർഡ് ക്ലബ്ബുകൾക്കായും കളിച്ചിട്ടുള്ള ടെറി ഡൈസൻ 1961-62 സീസണിലാണ് ആഴ്സണലിനെതിരെ ചരിത്രപരമായ ഹാട്രിക് കുറിച്ചത്. ഈ റെക്കോർഡ് ഇന്നും തകരാതെ നിൽക്കുന്നു.