അണ്ടർ 19 ഏഷ്യാ കപ്പ്: പാകിസ്താനെ എറിഞ്ഞിട്ട് ഇന്ത്യ; 90 റൺസിന് തകർപ്പൻ ജയം
ദുബായിൽ നടന്ന അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തിൽ ചിരവൈരികളായ പാകിസ്താനെ 90 റൺസിന് തകർത്ത് ഇന്ത്യക്ക് ആധികാരിക ജയം. 241 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 41.2 ഓവറിൽ 150 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. മഴയെത്തുടർന്ന് മത്സരം 49 ഓവറാക്കി ചുരുക്കിയിരുന്നു.
ഇന്ത്യൻ ബോളിംഗ് നിരയാണ് പാക് ബാറ്റിംഗ് നിരയെ തകർത്തത്. ദീപേഷ് ദേവേന്ദ്രൻ, കനിഷ് ചൗഹാൻ എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി ഇന്ത്യൻ വിജയം ഉറപ്പിച്ചു. പാക് നിരയിൽ 70 റൺസ് നേടിയ ഹുസൈസ് അഹ്‌സാനൊഴികെ മറ്റാർക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. മോശം തുടക്കമായിരുന്നു പാകിസ്ഥാന് ലഭിച്ചത്. സ്മീർ മിൻഹാസ് (9), അലി ഹസൻ ബലൂച്ച് (0), അഹമ്മദ് ഹുസൈൻ എന്നിവരെ പെട്ടെന്ന് നഷ്ടമായതോടെ നാലിന് 30 എന്ന നിലയിലായി അവർ. ഹുസൈസ് അഹ്‌സാൻ - ഫർഹാൻ യൂസഫ് (23) സഖ്യം 47 റൺസ് കൂട്ടിച്ചേർത്ത് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വൈഭവ് സൂര്യവംശി ഫർഹാനെ പുറത്താക്കി ബ്രേക്ക് ത്രൂ നൽകി. പിന്നീട് വന്ന ഹംസ സഹൂർ (4), അബ്ദുൾ സുബാൻ (6), മുഹമ്മദ് സയ്യം (2), അലി റാസ (6) എന്നിവർക്കാർക്കും അഹ്‌സാന് പിന്തുണ നൽകാനായില്ല.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ മാന്യമായ സ്കോറിലേക്ക് നയിച്ചത് മലയാളി താരം ആരോൺ ജോർജാണ്. 85 റൺസ് നേടിയ ആരോണിനൊപ്പം കനിഷ്ക് ചൗഹാൻ (46), ആയുഷ് മാത്രെ (38) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. ഓപ്പണർ വൈഭവ് സൂര്യവംശി അഞ്ച് റൺസെടുത്ത് പുറത്തായ ശേഷം, ആരോൺ - മാത്രെ സഖ്യം 49 റൺസ് കൂട്ടിച്ചേർത്തു. പിന്നീട് തകർച്ച നേരിട്ട ഇന്ത്യയെ ആരോൺ - അഭിഗ്യാൻ കുണ്ടു (22) സഖ്യം 60 റൺസ് നേടി രക്ഷിച്ചു. 88 പന്തുകൾ നേരിട്ട ആരോൺ ഒരു സിക്സും 12 ഫോറും നേടി. പാകിസ്ഥാന് വേണ്ടി മുഹമ്മദ് സയ്യാം, അബ്ദുൾ സുബാൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ഇന്ത്യൻ ടീം: ആയുഷ് മാത്രെ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, ആരോൺ ജോർജ്, വിഹാൻ മൽഹോത്ര, വേദാന്ത് ത്രിവേദി, അഭിഗ്യാൻ കുണ്ടു (വിക്കറ്റ് കീപ്പർ), കനിഷ്ക് ചൗഹാൻ, ഖിലൻ പട്ടേൽ, ദീപേഷ് ദേവേന്ദ്രൻ, കിഷൻ കുമാർ സിംഗ്, ഹെനിൽ പട്ടേൽ.