അണ്ടർ 19 ലോകകപ്പ്: ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ; സൂര്യവംശിക്കും കുണ്ഡുവിനും അർധസെഞ്ചുറി, വിഹാന് നാല് വിക്കറ്റ്

 

അണ്ടർ 19 ലോകകപ്പിലെ ആവേശകരമായ പോരാട്ടത്തിൽ ബംഗ്ലാദേശിനെ 18 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 239 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 28.3 ഓവറിൽ 146 റൺസിന് പുറത്തായി. നാല് വിക്കറ്റുകൾ വീഴ്ത്തിയ വിഹാൻ മൽഹോത്രയുടെ തകർപ്പൻ ബൗളിങ്ങാണ് ഇന്ത്യൻ വിജയത്തിൽ നിർണ്ണായകമായത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാരായ വൈഭവ് സൂര്യവംശിയും (72) അഭിജ്ഞാൻ കുണ്ഡുവും (80) നൽകിയ മികച്ച തുടക്കമാണ് കരുത്തായത്. ക്യാപ്റ്റൻ ആയുഷ് മാത്രെ (6), വേദാന്ത് ത്രിവേദി (0) എന്നിവർ തുടക്കത്തിലേ പുറത്തായെങ്കിലും സൂര്യവംശിയും കുണ്ഡുവും ചേർന്ന് ഇന്ത്യൻ സ്കോർ ഉയർത്തി. സൂര്യവംശി ആറ് ഫോറും മൂന്ന് സിക്‌സും പറത്തിയാണ് 72 റൺസെടുത്തത്. പിന്നീട് വന്ന കനിഷ്‌ക് ചൗഹാൻ (28) ഒഴികെയുള്ള മധ്യനിര താരങ്ങൾ നിരാശപ്പെടുത്തിയതോടെ ഇന്ത്യൻ ഇന്നിങ്സ് 238-ൽ അവസാനിച്ചു. ബംഗ്ലാദേശിനായി അൽ ഫഹദ് അഞ്ച് വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശ് നായകൻ അസീസുൾ ഹക്കീം (51) പൊരുതിയെങ്കിലും മറ്റ് ബാറ്റർമാർക്ക് ഇന്ത്യൻ ബൗളിങ് നിരയെ പ്രതിരോധിക്കാനായില്ല. റിഫാത് ബെഗ് (37) മാത്രമാണ് അസീസുളിന് അല്പമെങ്കിലും പിന്തുണ നൽകിയത്. വിഹാൻ മൽഹോത്രയ്ക്ക് പുറമെ ദീപേഷ് ദേവേന്ദ്രൻ, ഖിലൻ പട്ടേൽ എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. മഴ നിയമപ്രകാരം ലക്ഷ്യം പുനർനിശ്ചയിച്ച മത്സരത്തിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ ആധിപത്യം ഉറപ്പിക്കുകയായിരുന്നു.