കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി 'യൂണിവേഴ്‌സൽ ബോസ്' കാര്യവട്ടത്തേക്ക്; ക്രിസ് ഗെയ്ൽ 29-ന് ഗ്രീൻഫീൽഡിൽ എത്തും

 

കേരള ക്രിക്കറ്റ് ലീഗിൽ (KCL) നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി ആവേശം വിതറാൻ ക്രിക്കറ്റ് ഇതിഹാസവും ടീം സഹഉടമയുമായ ക്രിസ് ഗെയ്ൽ കേരളത്തിലെത്തുന്നു. ഓഗസ്റ്റ് 29-ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കൊച്ചിക്കായി ഗാലറിയിലിരുന്ന് ഊർജ്ജം പകരാനാണ് 'യൂണിവേഴ്‌സൽ ബോസ്' നേരിട്ടെത്തുന്നത്.

ഓഗസ്റ്റ് 29-ന് ഉച്ചയ്ക്ക് 2.30-ന് തൃശൂർ ടൈറ്റൻസിനെതിരെയാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ആവേശപ്പോരാട്ടം. ആരാധകർ സ്റ്റേഡിയത്തിലേക്ക് നേരിട്ടെത്തി കൊച്ചി ടീമിന് പൂർണ പിന്തുണ നൽകണമെന്ന് മാനേജ്‌മെന്റ് അഭ്യർത്ഥിച്ചു.

ക്രിസ് ഗെയ്ൽ എന്നാണ് എത്തുന്നതെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണ വന്നതോടെ വലിയ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. കിരീടം നിലനിർത്താൻ പോരിനിറങ്ങുന്ന കൊച്ചി ടീമിന് ഗെയ്‌ലിന്റെ ഗാലറിയിലെ സാന്നിധ്യം വലിയ ആത്മവിശ്വാസമേകും. ലോകോത്തര പവർ ഹിറ്ററായ അദ്ദേഹം എത്തുന്നതോടെ കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് ആഗോളശ്രദ്ധ കൂടിയാണ് കൈവരുന്നത്.