ഋഷഭ് പന്തിന്റെ അഭ്യർഥനയ്ക്ക് മറുപടിയുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി

 

 

താമസം മാറാൻ ഭൂമി അനുവദിക്കണമെന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ അഭ്യർഥനയ്ക്ക് മറുപടിയുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. വിഷയത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകിയതായും നിയമാനുസൃതമായ എല്ലാ സഹായവും ഉറപ്പാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് താമസം മാറാൻ ആഗ്രഹിക്കുന്നതായും എന്നാൽ സ്ഥലം ലഭിക്കുന്നില്ലെന്നുമാണ് നേരത്തേ പന്ത് എക്‌സിൽ കുറിച്ചത്.

ഋഷഭ് പന്ത് ഉത്തരാഖണ്ഡിന്റെ അഭിമാനമാണെന്ന് കുറിച്ചാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി എക്സിൽ പന്തിന് മറുപടി നൽകിയത്. ജന്മനാടിനോടുള്ള താങ്കളുടെ സ്നേഹവും ഇവിടെ തിരിച്ചെത്തി സംഭാവന ചെയ്യാനുള്ള താങ്കളുടെ സന്നദ്ധതയും വളരെ പ്രശംസനീയമാണ്. താങ്കൾ ഉന്നയിച്ച വിഷയവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അവർ ഉടൻ താങ്കളെ ബന്ധപ്പെടുകയും നിയമാനുസൃതമായ എല്ലാവിധ സഹായവും ഉറപ്പാക്കുകയും ചെയ്യും. - ധാമി പറഞ്ഞു.

നേരത്തേ എക്സിലൂടെയാണ് ഭൂമി വാങ്ങാൻ സഹായിക്കണമെന്ന് പന്ത് അഭ്യർത്ഥിച്ചത്. ഇത് വളരെ ബുദ്ധിമുട്ടായി മാറിയിരിക്കുന്നു. എല്ലാ കാര്യങ്ങളും മാറ്റിവെച്ച്, എന്റെ നാട്ടിലേക്ക് മടങ്ങിയെത്തി, സഹായിക്കാനും താമസിക്കാനും ഞാൻ ആഗ്രഹിക്കുന്നു. എന്റെ ജനങ്ങളോടൊപ്പം നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ദയവായി ഈ വിഷയത്തിൽ ശ്രദ്ധിക്കണം. മൂന്ന് വർഷമായിട്ടും എനിക്ക് ഭൂമി ലഭിച്ചിട്ടില്ല. നിങ്ങളുടെ മറുപടിക്കായി കാത്തിരിക്കുന്നു.’ - ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയോട് പന്ത് ആവശ്യപ്പെട്ടു.

അതേസമയം വിഷയത്തിൽ മറ്റൊരു കുറിപ്പും പന്ത് പങ്കുവെച്ചിരുന്നു. അന്താരാഷ്ട്ര തലങ്ങളിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നതിനാൽ ഭൂമി സമ്മാനമായി നൽകാനാവുമോയെന്നും അദ്ദേഹം ചോദിച്ചു. ‘അന്താരാഷ്ട്ര തലങ്ങളിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നതിന് ഒരു സമ്മാനം ലഭിക്കുന്നത് സന്തോഷകരമായിരിക്കും. എന്നാൽ നിങ്ങൾ അനുവദിക്കുകയാണെങ്കിൽ, സർക്കാർ നിരക്കിൽ ഭൂമി വാങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ എന്റെ സ്വന്തം സംസ്ഥാനത്തും എന്റെ ആദ്യത്തെ വീട് നിർമ്മിക്കാൻ കഴിയും. ദയവായി സഹായിക്കുക. ഇത് എങ്ങനെ ചെയ്യണമെന്ന് സത്യത്തിൽ എനിക്ക് അറിയില്ല.’ - പന്ത് കുറിച്ചു.