ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ അഞ്ച് വിക്കറ്റിന് തോറ്റു; കേരളം പുറത്തേക്ക്

 

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് നിരാശാജനകമായ തോൽവി. ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കേരളത്തെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG) ടീം സെമിഫൈനലിലേക്ക് യോഗ്യത നേടി. ആദ്യം ബാറ്റ് ചെയ്ത കേരളം ഉയർത്തിയ കൂറ്റൻ സ്കോർ മഴ നിയമപ്രകാരം പുതുക്കി നിശ്ചയിച്ചതോടെയാണ് മത്സരം സിഎജിക്ക് അനുകൂലമായി മാറിയത്.

മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 331 റൺസെന്ന ശക്തമായ ടോട്ടൽ പടുത്തുയർത്തിയിരുന്നു. ഓപ്പണർമാരായ രോഹൻ കുന്നുമ്മലും (45) കൃഷ്ണപ്രസാദും (22) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. തുടർന്ന് അഹ്മദ് ഇമ്രാന്റെ (65) അർദ്ധസെഞ്ച്വറിയും ഷോൺ റോജറിന്റെ (44) പ്രകടനവും കേരളത്തിന് കരുത്തായി. മധ്യനിരയിൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത മുഹമ്മദ് അസ്ഹറുദ്ദീൻ 29 പന്തിൽ 40 റൺസെടുത്തു. 61 പന്തിൽ 75 റൺസുമായി തിളങ്ങിയ ക്യാപ്റ്റൻ സൽമാൻ നിസാറാണ് കേരള സ്കോർ 300 കടത്തിയത്. സിഎജിക്ക് വേണ്ടി മൃൺമോയ് ദത്ത, ദേബബ്രത പ്രധാൻ, സുമിത് മാഥുർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

പിന്നീട് മഴ വില്ലനായെത്തിയതോടെ സിഎജി ടീമിന്റെ വിജയലക്ഷ്യം 24 ഓവറിൽ 201 റൺസായി പുതുക്കി നിശ്ചയിച്ചു. ഈ ലക്ഷ്യം പിന്തുടർന്ന അവർ മൂന്ന് പന്തുകൾ ബാക്കി നിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ജയം സ്വന്തമാക്കുകയായിരുന്നു (23.3 ഓവറിൽ 205/5). ഒരറ്റത്ത് വിക്കറ്റുകൾ വീണെങ്കിലും 54 പന്തിൽ 9 ഫോറും 3 സിക്സറുമടക്കം 82 റൺസോടെ പുറത്താകാതെ നിന്ന ശുഭം സിങ്ങിന്റെ ഉജ്ജ്വല ഇന്നിങ്സാണ് സിഎജിക്ക് അനായാസ വിജയം സമ്മാനിച്ചത്. ലക്ഷ് 30 റൺസ് നേടി പിന്തുണ നൽകി. കേരളത്തിന് വേണ്ടി ആദിത്യ ബൈജു, ഷോൺ റോജർ, സിജോമോൻ ജോസഫ്, അശ്വന്ത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തിയെങ്കിലും വിജയം തടയാനായില്ല.