കുട്ടികൾക്കുള്ള പരമോന്നത സിവിലിയൻ ബഹുമതി സ്വന്തമാക്കി വൈഭവ് സൂര്യവംശി; സമ്മാനിച്ചത് രാഷ്ട്രപതി

 

രാജ്യത്തെ കുട്ടികൾക്ക് നൽകുന്ന ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ 'പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം' (PMRBP) സ്വന്തമാക്കി ഇന്ത്യയുടെ യുവ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശി. വെള്ളിയാഴ്ച രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു വൈഭവിന് പുരസ്‌കാരം സമ്മാനിച്ചു. കായിക മേഖലയിലെ അസാധാരണ നേട്ടങ്ങൾ പരിഗണിച്ചാണ് ഈ അംഗീകാരം.

വിജയ് ഹസാരെ ട്രോഫിയിൽ ബിഹാറിനായി തകർപ്പൻ പ്രകടനം നടത്തുന്നതിനിടെയാണ് താരം പുരസ്‌കാരം ഏറ്റുവാങ്ങാൻ ഡൽഹിയിലെത്തിയത്. അരുണാചൽ പ്രദേശിനെതിരായ മത്സരത്തിൽ വെറും 84 പന്തിൽ നിന്ന് 190 റൺസ് അടിച്ചുകൂട്ടിയ വൈഭവ്, ലിസ്റ്റ് എ ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു. 36 പന്തിലായിരുന്നു താരം സെഞ്ച്വറി തികച്ചത്. പുരസ്‌കാര ജേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും.

അവാർഡ് ചടങ്ങിന് ശേഷം വൈഭവ് അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ ടീം ക്യാമ്പിൽ ചേരും. അടുത്ത വർഷം ജനുവരി 15 മുതൽ സിംബാബ്‌വെയിലും നമീബിയയിലുമായാണ് അണ്ടർ 19 ലോകകപ്പ് നടക്കുന്നത്. പുരസ്‌കാരം സ്വീകരിക്കാൻ എത്തിയതിനാൽ വിജയ് ഹസാരെ ടൂർണമെന്റിലെ മണിപ്പൂരിനെതിരായ മത്സരം ഉൾപ്പെടെയുള്ള ശേഷിക്കുന്ന മത്സരങ്ങൾ താരത്തിന് നഷ്ടമാകും. 5 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് വിവിധ മേഖലകളിലെ മികവിന് നൽകുന്ന ആദരമാണ് ഈ പുരസ്‌കാരം.