ഐപിഎല്ലിലെ മിന്നും പ്രകടനത്തിന് പിന്നാലെ വൈഭവ് സൂര്യവംശിയുടെ ബ്രാൻഡ് മൂല്യം കുതിക്കുന്നു; പരസ്യ പ്രതിഫലം ഇരട്ടിയാക്കി

 

ഐപിഎല്ലിലെ അതുല്യ പ്രകടനങ്ങൾക്ക് പിന്നാലെ പരസ്യ പ്രതിഫലം വർധിപ്പിച്ച് കൗമാരതാരം വൈഭവ് സൂര്യവംശി. നേരത്തേ വാങ്ങിയ തുകയുടെ ഇരട്ടിയോളം പ്രതിഫലം വർധിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.ഐപിഎല്ലിൽ ടൂർണമെന്റിലെ താരവും ഓറഞ്ച് ക്യാപ്പും അടക്കം അഞ്ച് അവാർഡുകളാണ് താരം സ്വന്തമാക്കിയത്. ഒട്ടേറെ റെക്കോഡുകളും കൗമാരതാരം സ്വന്തമാക്കി. അതിന് പിന്നാലെയാണ് വൈഭവ് തന്റെ പരസ്യ പ്രതിഫലം വർധിപ്പിച്ചതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നേരത്തേ ഒരു കോടി രൂപയ്ക്കാണ് താരം പരസ്യ കമ്പനികളുമായി കരാറിലേർപ്പെട്ടിരുന്നത്. എന്നാൽ അത് രണ്ട് കോടിയോളമായി വർധിപ്പിച്ചതായാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.

അഞ്ച് അവാർഡുകളാണ് ഐപിഎൽ സീസണിൽ വൈഭവ് സ്വന്തമാക്കിയത്. ടൂർണമെന്റിലെ മികച്ച താരം, എമേർജിങ് പ്ലെയർ, കൂടുതൽ റൺസ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്, സൂപ്പർ സ്‌ട്രൈക്കർ, കൂടുതൽ സിക്സ് എന്നീ പുരസ്‌കാരങ്ങളാണ് 15-കാരൻ താരം നേടിയത്. ഓറഞ്ച് ക്യാപ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് മാറി. 16 മത്സരങ്ങളിൽ നിന്ന് 776 റൺസാണ് വൈഭവിന്റെ സമ്പാദ്യം. 237.31 ആണ് സ്‌ട്രൈക്ക് റേറ്റ്. ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരമായി വൈഭവ് മാറി. 72 സിക്‌സറുകളാണ് ഇക്കുറി വൈഭവ് അടിച്ചെടുത്തത്.