വിജയ് ഹസാരെ ട്രോഫി: , ഗുജറാത്തിനെതിരെ ഡല്‍ഹിക്ക് ജയം
വിജയ് ഹസാരെ ട്രോഫിയില്‍ ഗുജറാത്തിനെതിരെ ഡല്‍ഹിക്ക് ത്രസിപ്പിക്കുന്ന ജയം. ബംഗളൂരുവില്‍ നടന്ന മത്സരത്തില്‍ ഏഴ് റണ്‍സിനായിരുന്നു ഡല്‍ഹിയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹി വിരാട് കോലി (61 പന്തില്‍ 77), റിഷഭ് പന്ത് (79 പന്തില്‍ 70) എന്നിവരുടെ ബാറ്റിംഗ് കരുത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 47.4 ഓവറില്‍ 247ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ പ്രിന്‍സ് യാദവ്, രണട്് പേരെ വീതം പുറത്താക്കിയ അര്‍പിത് റാണ, ഇശാന്ത് ശര്‍മ എന്നിവരാണ് മത്സരം ഡല്‍ഹിക്ക് അനുകൂലമാക്കിയത്.
ഒരു ഘട്ടത്തില്‍ അഞ്ചിന് 213 റണ്‍സെന്ന നിലയില്‍ വിജയമുറപ്പിച്ചിരുന്നു ഗുജറാത്ത്. എന്നാല്‍ 34 റണ്‍സിനിടെ ശേഷിക്കുന്ന വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. ഗുജറാത്തിന് വേണ്ടി ആര്യ ദേശായ് (57) അര്‍ധ സെഞ്ചുറി നേടി. സൗരവ് ചൗഹാന്‍ (49), ഉര്‍വില്‍ പട്ടേല്‍ (31), അഭിഷേക് ദേശായ് (26), വിശാല്‍ ജയ്‌സ്വാള്‍ (26), ഹേമാങ് പട്ടേല്‍ (10), ചിന്തന്‍ ഗജ (12), അമിത് ദേശായ് (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ജയ്മീത് പട്ടേല്‍ (2), രവി ബിഷ്‌ണോയ് (7) എന്നിവരും പുറത്തായി.
നേരത്തെ, തുടക്കത്തില്‍ തന്നെ പ്രിയാന്‍ഷ് ആര്യയുടെ (1) വിക്കറ്റ് ഡല്‍ഹിക്ക് നഷ്ടമായി. തുടര്‍ന്ന് അര്‍പിത് (10) - കോലി സഖ്യം 72 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ റാണയെ പുറത്താക്കി ജയ്‌സ്വാള്‍ ഗുജറാത്തിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ നിതീഷ് റാണയ്ക്ക് (12) തിളങ്ങാനായില്ല. അധികം വൈകാതെ കോലിയും മടങ്ങി. 61 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും 13 ഫോറും നേടി. തുടര്‍ന്നെത്തിയ ആയുഷ് ബദോനി 12 റണ്‍സുമായി മടങ്ങി. ഇതോടെ അഞ്ചിന് 147 എന്ന നിലയിലായി ഡല്‍ഹി. എന്നാല്‍ പന്ത് - ഹര്‍ഷ് ത്യാഗി (40) സഖ്യം 73 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കി.