വിജയ് ഹസാരെ ട്രോഫി: ഡല്‍ഹി-ആന്ധ്ര മത്സരം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് മാറ്റി

 

വിജയ് ഹസാരെ ട്രോഫിയില്‍ ഡല്‍ഹിയും ആന്ധ്രയും തമ്മില്‍ നാളെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന മത്സരം സുരക്ഷാപരമായ കാരണങ്ങാള്‍ മാറ്റിവെച്ചു. കാണികളെ പ്രവേശിപ്പിക്കാതെ മത്സരം നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നതെങ്കിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ മത്സരം നടത്തനാവില്ലെന്ന് വിദഗ്ദ സമിതി റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് മത്സരത്തിന്‍റെ വേദി മാറ്റിയത്. കാണികളെ പ്രവേശിപ്പിക്കാതെ മത്സരം നടത്താന്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ അനുമതി തേടിയെങ്കിലും ഇതും സാധ്യമല്ലെന്നാണ് വിദഗ്ദ സമിതിയുടെ നിലപാട്.

മത്സരം നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയശേഷമാണ് അപ്രതീക്ഷിതമായി വേദി മാറ്റിയത്. സുരക്ഷാ സമിതി ഇന്നലെ സ്റ്റേഡിയത്തിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തിയരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുരക്ഷാ സമിതി മത്സരത്തിന് അനുമതി നിഷേധിച്ചത്. മത്സരത്തില്‍ ഡല്‍ഹിക്കായി സൂപ്പര്‍ താരം വിരാട് കോലിയും കളിക്കാനിറങ്ങുന്നുണ്ടായിരുന്നു. മത്സരത്തിനായി ബെംഗളൂരുവിലെത്തിയ കോലി പരിശീലനവും ആരംഭിച്ചിരുന്നു. 15 വർഷത്തെ ഇടവേളക്കുശേഷമാണ് വിരാട് കോലി ആഭ്യന്തര ഏകദിന ടൂര്‍ണമെന്‍റായ വിജയ് ഹസാരെയില്‍ കളിക്കാന്‍ തയാറാവുന്നത്.

ദേശീയ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന ബിസിസിഐയുടെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്നാണ് കോലിയും രോഹിത്തും വിജയ് ഹസരെയില്‍ കളിക്കാന്‍ തയാറായത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മത്സരം നടക്കില്ലെന്ന് ഉറപ്പായതോടെ ദേവനഹള്ളിയിലെ ദേശീയ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ മത്സരം നടത്തുക എന്നതാണ് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനു മുന്നിലുള്ള ഏക പോംവഴി.