‘സഞ്ജു ശ്രദ്ധിക്കണം, പിന്നാലെ വൈഭവുണ്ട്’; മുന്നറിയിപ്പുമായി സഞ്ജയ് മഞ്ജരേക്കർ
അയർലൻഡിനെതിരായ ആദ്യ ടി20 മത്സരത്തിൽ സഞ്ജു സാംസൺ കുറഞ്ഞ റൺസിന് പുറത്തായതിന് പിന്നാലെ മുൻ താരം സഞ്ജയ് മഞ്ജരേക്കറുടെ മുന്നറിയിപ്പ്. മികച്ച ഫോമിലുള്ള യുവതാരം വൈഭവ് സൂര്യവംശി അവസരം കാത്ത് പുറത്തിരിപ്പുണ്ടെന്നും അതിനാൽ സഞ്ജു കൂടുതൽ ശ്രദ്ധിക്കണമെന്നും മഞ്ജരേക്കർ ഓർമ്മിപ്പിച്ചു. ആദ്യ മത്സരത്തിൽ നേരിട്ട നാല് പന്തിൽ അഞ്ച് റൺസ് മാത്രമെടുത്ത് സഞ്ജു പുറത്തായതാണ് ഇന്ത്യക്ക് വലിയ തിരിച്ചടിയായത്.
ശ്രേയസ് അയ്യരുടെ നായകത്വത്തിൽ ഇറങ്ങിയ ലോക ചാമ്പ്യന്മാരായ ഇന്ത്യ ആദ്യ ടി20യിൽ 34 റൺസിന്റെ അപ്രതീക്ഷിത തോൽവിയാണ് വഴങ്ങിയത്. ഇതോടെ ഞായറാഴ്ച നടക്കാനിരിക്കുന്ന രണ്ടാം മത്സരത്തിൽ 15 കാരനായ വൈഭവ് സൂര്യവംശിയെ പരീക്ഷണാടിസ്ഥാനത്തിൽ ഓപ്പണറായി കളിപ്പിക്കണമെന്ന ആവശ്യം ആരാധകർക്കിടയിൽ ശക്തമായിട്ടുണ്ട്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി റൺസ് അടിച്ചുകൂട്ടിയ വൈഭവ് സൂര്യവംശി സഞ്ജുവിനും അഭിഷേക് ശർമ്മയ്ക്കും കടുത്ത ഭീഷണിയാണെന്ന് മഞ്ജരേക്കർ പറയുന്നു.
“സഞ്ജു സാംസൺ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. കാരണം വൈഭവ് സൂര്യവംശി സഞ്ജുവിന്റെയും അഭിഷേക് ശർമ്മയുടെയും തൊട്ടുപിന്നാലെയുണ്ട്.” - സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കിൽ സംസാരിക്കവെ മഞ്ജരേക്കർ വ്യക്തമാക്കി.
എന്നിരുന്നാലും ആദ്യ മത്സരത്തിൽ വൈഭവ് കളിച്ചിരുന്നെങ്കിൽപ്പോലും കളിയിലെ ഫലം മറ്റൊന്നാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പവർപ്ലേയിലെ ആദ്യ ആറ് ഓവറുകളിൽ വൈഭവിന് തിളങ്ങാൻ കഴിഞ്ഞേക്കുമായിരുന്നെങ്കിലും, റൺമല പിന്തുടരുമ്പോൾ പവർപ്ലേയ്ക്ക് ശേഷം സിക്‌സറുകൾ അടിക്കുക അത്ര എളുപ്പമല്ല. ദംബുള്ളയിൽ നടന്ന ഇന്ത്യ എ-യുടെ മത്സരങ്ങളിൽ ഇത് കണ്ടതാണെന്നും അതിനാൽ മധ്യനിരയിലല്ലാതെ നിലവിൽ ഓപ്പണിങ്ങിൽ വൈഭവിന് സ്ഥാനമില്ലെന്നും മഞ്ജരേക്കർ നിരീക്ഷിച്ചു. വരും മത്സരങ്ങളിൽ സ്ഥാനം നിലനിർത്താൻ സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്.