‘ഞങ്ങൾ റോബോട്ടുകളല്ല, പുറത്തുനിന്നുള്ള വിമർശനങ്ങൾ ബാധിക്കാറുണ്ട്’: സോഷ്യൽ മീഡിയ ചർച്ചകളിൽ സഞ്ജു സാംസൺ
അഫ്ഗാനിസ്താനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിൽ 22 പന്തിൽ 57 റൺസുമായി മിന്നുന്ന പ്രകടനം പുറത്തെടുത്തതിന് പിന്നാലെ സോഷ്യൽ മീഡിയയിലെ വിചാരണകൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി മലയാളി താരം സഞ്ജു സാംസൺ. ഓപ്പണിങ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളും വൈഭവ് സൂര്യവംശിയുമായുള്ള താരതമ്യങ്ങളും ടീമിന് പുറത്ത് മാത്രമാണുള്ളതെന്നും ടീമിനുള്ളിൽ ആരോഗ്യകരമായ അന്തരീക്ഷമാണെന്നും മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ സഞ്ജു വ്യക്തമാക്കി.
അഭിഷേക് ശർമയും വൈഭവ് സൂര്യവംശിയും തന്റെ സഹതാരങ്ങളാണെന്നും പരസ്പരം മത്സരിക്കുന്നതിനേക്കാൾ രാജ്യത്തിന്റെ വിജയത്തിനാണ് പ്രഥമ പരിഗണനയെന്നും താരം പറഞ്ഞു. സോഷ്യൽ മീഡിയയിലെ അനാവശ്യ പ്രചാരണങ്ങളും മുൻ താരങ്ങളുടെ പരാമർശങ്ങളും ശ്രദ്ധിക്കാതിരിക്കാൻ വൈഫൈ ഓഫാക്കി വെക്കാറുണ്ടെങ്കിലും ചിലപ്പോഴൊക്കെ ഇത് കണ്ണിൽപ്പെടാറുണ്ടെന്ന് സഞ്ജു വെളിപ്പെടുത്തി.
ഇത്തരം വിമർശനങ്ങൾ തന്നെ ബാധിക്കാറുണ്ടെന്ന് തുറന്നുസമ്മതിച്ച താരം, തങ്ങൾ റോബോട്ടുകളല്ലെന്നും എന്നാൽ കാര്യങ്ങളെ അനുഭവസമ്പത്തുകൊണ്ട് പക്വതയോടെ കൈകാര്യം ചെയ്യാൻ ഇപ്പോൾ സാധിക്കുന്നുണ്ടെന്നും വ്യക്തമാക്കി.