‘ഇസ്രയേലും പാകിസ്താനും തമ്മിൽ എന്ത് വ്യത്യാസം?’; കാബൂൾ ആക്രമണത്തിൽ പൊട്ടിത്തെറിച്ച് അഫ്ഗാൻ ക്രിക്കറ്റ് താരങ്ങൾ
അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ആശുപത്രിക്ക് നേരെ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിനെതിരെ കടുത്ത പ്രതിഷേധവുമായി അഫ്ഗാൻ ക്രിക്കറ്റ് താരങ്ങൾ. ഇസ്രയേലും പാകിസ്താൻ ഭരണകൂടവും തമ്മിൽ എന്താണ് വ്യത്യാസമെന്ന് അഫ്ഗാൻ പേസർ നവീൻ ഉൾ ഹഖ് ഇൻസ്റ്റാഗ്രാമിലൂടെ ചോദിച്ചു. റമദാനിലെ 28-ാം രാവിൽ ചികിത്സ തേടിയെത്തിയ യുവാക്കളെ ബോംബിട്ട് കൊന്നത് യുദ്ധക്കുറ്റമാണെന്ന് റാഷിദ് ഖാനും മുഹമ്മദ് നബിയും പ്രതികരിച്ചു. 400 പേർ കൊല്ലപ്പെട്ട ആക്രമണത്തിൽ അന്താരാഷ്ട്രതലത്തിൽ അന്വേഷണം വേണമെന്ന് താരങ്ങൾ ആവശ്യപ്പെട്ടു.
സാധാരണക്കാരുടെ വീടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയെ ലക്ഷ്യമിടുന്നത് ബോധപൂർവ്വമായ യുദ്ധക്കുറ്റമാണെന്ന് റാഷിദ് ഖാൻ എക്സിൽ കുറിച്ചു. പരിശുദ്ധ റമദാൻ മാസത്തിൽ പോലും മനുഷ്യജീവനുകളെ ഇത്തരത്തിൽ അവഗണിക്കുന്നത് അതീവ ഗുരുതരമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ ഏജൻസികളും ഇടപെടണമെന്നും റാഷിദ് ആവശ്യപ്പെട്ടു. മക്കളുടെ പേര് വിളിച്ച് ആശുപത്രി ഗേറ്റുകളിൽ അമ്മമാർ കാത്തുനിൽക്കുന്ന ഹൃദയഭേദകമായ ദൃശ്യങ്ങളെക്കുറിച്ചാണ് മുൻ നായകൻ മുഹമ്മദ് നബി പ്രതികരിച്ചത്.
അതേസമയം, സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടിട്ടില്ലെന്ന നിലപാടിൽ പാകിസ്താൻ ഉറച്ചുനിൽക്കുകയാണ്. കാബൂളിലെയും നംഗർഹാറിലെയും താലിബാൻ സൈനിക താവളങ്ങളും ആയുധപ്പുരകളും മാത്രമാണ് തകർത്തതെന്നാണ് പാക് വാദം. ആശുപത്രി ആക്രമിച്ചു എന്ന വാർത്തകൾ ഭീകരവാദത്തിനുള്ള പിന്തുണ മറച്ചുവെക്കാനുള്ള വ്യാജ പ്രചാരണമാണെന്നും പാകിസ്താൻ ആരോപിച്ചു. എന്നാൽ 3000-ത്തോളം അന്തേവാസികളുണ്ടായിരുന്ന ആശുപത്രി കെട്ടിടം പൂർണ്ണമായും തകർന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് പാകിസ്താനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.