'30 കോടി കൊണ്ട് കല്യാണമണ്ഡപം പണിയാൻ നടക്കുന്ന ആൾ സ്വർണം നേടുമോ?'; അർഷാദ് നദീമിനെതിരെ രൂക്ഷവിമർശനവുമായി മുൻ പരിശീലകർ
കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഒളിംപിക്സ് ചാമ്പ്യൻ പാകിസ്ഥാന്റെ അർഷാദ് നദീമിന് ഒൻപതാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നതിന് പിന്നാലെ രൂക്ഷവിമർശനവുമായി മുൻ പരിശീലകർ. ഒളിംപിക്സിലെ ചരിത്രനേട്ടത്തിന് ശേഷം താരത്തിനുണ്ടായ അലസതയും പരിശീലനത്തിലെ കുറവുമാണ് ഈ കനത്ത തിരിച്ചടിക്ക് കാരണമെന്ന് അവർ കുറ്റപ്പെടുത്തുന്നു.
പാരിസ് ഒളിംപിക്‌സിൽ 92.97 മീറ്റർ എറിഞ്ഞ് റെക്കോർഡിട്ട അർഷാദിന് ഗ്ലാസ്‌ഗോയിൽ 80 മീറ്റർ പോലും കടക്കാനായില്ല. മത്സരത്തിൽ ഇന്ത്യൻ താരം നീരജ് ചോപ്ര വെള്ളിയും യശ്‍വീർ സിങ് വെങ്കലവും സ്വന്തമാക്കി. ഒളിംപിക്സ് നേട്ടത്തിന് ശേഷം ലഭിച്ച 30 കോടിയോളം രൂപ ഉപയോഗിച്ച് സ്വന്തം നാടായ മിയാൻ ചന്നുവിൽ കല്യാണമണ്ഡപവും റസ്റ്റോറന്റും നിർമിക്കുന്ന തിരക്കിലാണ് താരം.
കൈയിൽ ആവശ്യത്തിന് പണമുണ്ടായിട്ടും വിദേശത്ത് തുടർപരിശീലനത്തിന് പോകാതെ സർക്കാർ ഫണ്ടിനായി കാത്തിരിക്കുകയാണെന്നും, പരിചയസമ്പന്നരല്ലാത്ത പരിശീലകരെ ഒപ്പം കൂട്ടിയതും പ്രകടനത്തെ പ്രതികൂലമായി ബാധിച്ചുവെന്നും പരിശീലകർ ചൂണ്ടിക്കാട്ടുന്നു.