സ്റ്റാർട്ടിങ് ലൈനപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടാകുമോ?-വ്യക്തമാക്കി റോബർട്ടോ മാർട്ടിനെസ്
ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ പോർച്ചുഗൽ ഇന്നു രണ്ടാം മത്സരത്തിന് ഇറങ്ങുകയാണ്. ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി 10.30ന് നടക്കുന്ന മത്സരത്തിൽ ഉസ്ബക്കിസ്ഥാനാണ് പോർച്ചുഗലിന്റെ എതിരാളികൾ. ഇന്നു ജയിച്ചാൽ പോർച്ചുഗലിന്റെ നോക്കൗട്ട് പ്രതീക്ഷകൾ സജീവമാകും. അതേസമയം കോംഗോയ്ക്കെതിരെ നിറം മങ്ങിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് സ്റ്റാർട്ടിങ് ലൈനപ്പിൽ ഉണ്ടാകുമോയെന്ന ചോദ്യമാണ് ആരാധകരെ അലട്ടുന്നത്. മത്സരത്തിനു മുൻപുള്ള വാർത്താ സമ്മേളനത്തിൽ ഇതേക്കുറിച്ചു ചോദ്യമുയർന്നപ്പോൾ പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനസ് ഒഴിഞ്ഞുമാറുകയും ചെയ്തു. ‘‘സ്റ്റാർട്ടിങ് ഇലവനെക്കുറിച്ച് എനിക്ക് ഇപ്പോൾ പറയാൻ സാധിക്കില്ല. കാരണം ഞാൻ എന്റെ താരങ്ങളെ അത് അറിയിച്ചിട്ടില്ല.’’– മാർട്ടിനസ് വ്യക്തമാക്കി.ടീം ഇപ്പോഴും മുന്നോട്ടുപോകുന്നത് ക്രിസ്റ്റ്യാനോയിൽ കേന്ദ്രീകരിച്ചാണെന്നും മാർട്ടിനസ് പറഞ്ഞു. കഴിഞ്ഞ 32 മത്സരങ്ങൾ പരിശോധിച്ചാൽ ടീമിനായി നീക്കങ്ങൾ നടത്തുന്നതും ഗോള്‍ നേടുന്നതിനായി മാർഗങ്ങൾ കണ്ടെത്തുന്നതും ക്രിസ്റ്റ്യാനോയാണെന്നും പരിശീലകൻ വ്യക്തമാക്കി. അതേസമയം ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരം കളിക്കുമോയെന്ന് ഉറപ്പിച്ചുപറയാൻ പരിശീലകൻ എന്തിനാണു മടിക്കുന്നതെന്നാണ് ആരാധകർ സമൂഹമാധ്യമങ്ങളിൽ ഉന്നയിക്കുന്ന ചോദ്യം.