ഇഞ്ചുറി ടൈമിൽ വിജയഗോൾ; പനാമയെ ഒറ്റ ഗോളിൽ വീഴ്ത്തി ഘാന

 

ലോകകപ്പ് ഗ്രൂപ്പ് 'എൽ' (Group L) മത്സരത്തിൽ പനാമക്കെതിരെ ഘാനയ്ക്ക് ആവേശജയം. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷത്തിൽ കാലെബ് യിരെങ്കി നേടിയ ഏക ഗോളിലാണ് ഘാന വിജയം സ്വന്തമാക്കിയത്. മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഇഞ്ചുറി ടൈമിൽ വഴങ്ങിയ ഗോൾ ലോകകപ്പ് വേദിയിലെ ആദ്യ പോയിന്റെന്ന പനാമയുടെ സ്വപ്നം തകർത്തു.

ടൊറന്റോയിലെ ബിഎംഒ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ പനാമയായിരുന്നു ആധിപത്യം പുലർത്തിയത്. കൂടുതൽ സമയം പന്ത് കൈവശം വെച്ചതും അവസരങ്ങൾ സൃഷ്ടിച്ചതും പനാമയായിരുന്നു. ആദ്യ പകുതിയുടെ അവസാന നിമിഷത്തിലാണ് ഘാനയ്ക്ക് പനാമയുടെ ഗോൾ മുഖത്തേക്ക് ആദ്യ ഷോട്ട് പോലുമുതിർക്കാൻ കഴിഞ്ഞത്.

എന്നാൽ രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ സിറ്റി താരം അന്റോയിൻ സെമെന്യോയുടെ നേതൃത്വത്തിൽ ഘാന ശക്തമായി തിരിച്ചുവന്നു. ഒടുവിൽ മത്സരത്തിന്റെ ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ (90+5) മധ്യനിര താരം കാലെബ് യിരെങ്കിയിലൂടെ ഘാന വിജയഗോൾ കുറിക്കുകയായിരുന്നു. ക്രിസ്ത്യൻ മാർട്ടിനസിലൂടെയും ഇസ്മായേൽ ഡയസിലൂടെയും പനാമ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. ഗ്രൂപ്പിലെ അടുത്ത മത്സരത്തിൽ ഘാന ഇംഗ്ലണ്ടിനെയും പനാമ ക്രൊയേഷ്യയെയും നേരിടും.