കൊച്ചിക്ക് വിജയത്തുടക്കം; കൊല്ലം സെയിലേഴ്സിനെതിരെ 31 റൺസ് ജയം

 

കെ.സി.എല്ലിലെ രണ്ടാം മത്സരത്തിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെ 31 റൺസിന് തോൽപ്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ് ആദ്യ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തപ്പോൾ, കൊല്ലം സെയിലേഴ്സിന്റെ മറുപടി 20 ഓവറിൽ ആറ് വിക്കറ്റിന് 158 റൺസിൽ അവസാനിച്ചു. അർദ്ധ സെഞ്ചുറി നേടിയ സച്ചിൻ സുരേഷാണ് പ്ലെയർ ഓഫ് ദി മാച്ച്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊച്ചിക്ക് വിനൂപ് മനോഹരൻ (37) മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിര തകർന്നു. എന്നാൽ ആറാം വിക്കറ്റിൽ ഒന്നിച്ച സച്ചിൻ സുരേഷും (32 പന്തിൽ 58*) കാർത്തിക് ബി. നായരും (17 പന്തിൽ 38*) ചേർന്ന് അവസാന അഞ്ച് ഓവറിൽ 78 റൺസ് അടിച്ചുകൂട്ടിയാണ് കൂറ്റൻ സ്കോർ സമ്മാനിച്ചത്. കൊല്ലത്തിനായി വിജയ് വിശ്വനാഥ് രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ കൊല്ലത്തിന് വേണ്ടി അഭിഷേക് നായരും (55) ക്യാപ്റ്റൻ വത്സൽ ഗോവിന്ദും (32) പൊരുതിയെങ്കിലും മറ്റുള്ളവർക്ക് തിളങ്ങാനായില്ല. അവസാന ഓവറുകളിൽ ഷറഫുദ്ദീൻ (28*) ബാറ്റിംഗിൽ മിന്നിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. കൊച്ചിക്കായി കെ.എം. ആസിഫും മിഥുനും രണ്ട് വിക്കറ്റ് വീതം നേടി.