ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം വനിതാ ക്രിക്കറ്റ് ടീമിലൂടെ
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം വനിതാ ക്രിക്കറ്റ് ടീമിലൂടെ. കഴിഞ്ഞ തവണ സ്വന്തമാക്കിയ സ്വര്‍ണം ഹര്‍മന്‍പ്രീതും സംഘവും ഇത്തവണയും നിലനിര്‍ത്തി. ഏഷ്യാ കപ്പില്‍ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയതിനു പിന്നാലെ ശ്രീലങ്കന്‍ വനിതകളെ ഏഷ്യന്‍ ഗെയിംസ് ഫൈനലിലും ഇന്ത്യ വീഴ്ത്തി. 147 റണ്‍സിന്റെ പടുകൂറ്റന്‍ ജയത്തോടെയാണ് ഇന്ത്യയുടെ സ്വര്‍ണ വേട്ട. ബാറ്റിങിലും ബൗളിങിലും ഇന്ത്യന്‍ വനിതകളുടെ സമ്പൂര്‍ണ ആധിപത്യമാണ് ഗ്രൗണ്ടില്‍ കണ്ടത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ റെക്കോര്‍ഡ് ടോട്ടലാണ് പടുത്തുയര്‍ത്തിയത്. 3 വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ്. വിജയത്തിലേക്ക് ബാറ്റെടുത്ത ശ്രീലങ്കയുടെ പോരാട്ടം 15 ഓവറില്‍ വെറും 69 ണ്‍സില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്കു സാധിച്ചു.
ഏഷ്യന്‍ ഗെയിംസില്‍ ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ 7 ആയി. ഒരു സ്വര്‍ണം, 4 വെള്ളി, 2 വെങ്കലം മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഇന്ത്യക്കായി ഒരിക്കല്‍ കൂടി സ്പിന്നര്‍മാര്‍ കളം വാണു. ദീപ്തി ശര്‍മ, ശ്രേയങ്ക പാട്ടീല്‍, ഷെഫാലി വര്‍മ, ശ്രീചരണി എന്നിവരുടെ പന്തുകള്‍ക്ക് മുന്നില്‍ ലങ്കന്‍ വനിതകള്‍ ഉത്തരംമുട്ടി നിന്നു. ദീപ്തി 4 ഓവറില്‍ വെറും 6 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി. ഷെഫാലി, ശ്രീചരണി, ശ്രേയങ്ക പാട്ടീല്‍ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ശ്രീലങ്കന്‍ നിരയില്‍ ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടുവിന് മാത്രമാണ് ക്രീസില്‍ കുറച്ചു നേരമെങ്കിലും പിടിച്ചു നില്‍ക്കാന്‍ പറ്റിയത്. താരം 21 പന്തില്‍ 5 ഫോറുകള്‍ സഹിതം 29 റണ്‍സെടുത്തു. എന്നാല്‍ ദീപ്തി ശര്‍മ ബൗള്‍ ചെയ്യാന്‍ വന്നതിനു പിന്നാലെ ക്യാപ്റ്റന്റെ ചെറുത്തു നില്‍പ്പും അവസാനിച്ചു. കവിഷ ദില്‍ഹരിയാണ് രണ്ടക്കം കടന്ന മറ്റൊരു ശ്രീലങ്കന്‍ ബാറ്റര്‍. എന്നാല്‍ താരത്തിനും അധികം ആയുസുണ്ടായില്ല. ദീപ്തി തന്നെ കവിഷയേയും മടക്കി. 11 റണ്‍സാണ് താരം നേടിയത്. പുറത്താകാതെ 14 റണ്‍സെടുത്ത കൗശിനി നുത്യാംഗനയാണ് പിടിച്ചു നില്‍ക്കാന്‍ നോക്കിയ മറ്റൊരാള്‍. താരമാണ് ലങ്കന്‍ നിരയില്‍ ഏക സിക്‌സര്‍ പറത്തിയത്.