വനിതാ പ്രീമിയർ ലീഗ് നാലാം എഡിഷൻ: തീയതികളും വേദികളും പ്രഖ്യാപിച്ചു
Nov 27, 2025, 18:41 IST
വനിതാ പ്രീമിയർ ലീഗിന്റെ (WPL) നാലാം എഡിഷൻ പോരാട്ടങ്ങളുടെ മത്സര തീയതികൾ ബി.സി.സി.ഐ. പ്രഖ്യാപിച്ചു. 2026 ജനുവരി 9 മുതൽ ഫെബ്രുവരി 5 വരെയാണ് മത്സരങ്ങൾ നടക്കുക. നവി മുംബൈ, വഡോദര എന്നീ രണ്ട് വേദികളിലായാണ് നാലാം എഡിഷൻ അരങ്ങേറുന്നത്.
വനിതാ പ്രീമിയർ ലീഗ് ചെയർമാനും കേരള ക്രിക്കറ്റ് അസോസിയേഷൻ തലവനുമായ ജയേഷ് ജോർജാണ് തീയതികൾ പുറത്തുവിട്ടത്. വനിതാ പ്രീമിയർ ലീഗിലേക്കുള്ള താരങ്ങളെ തിരഞ്ഞെടുക്കുന്ന മെഗാ ലേലത്തിന്റെ ഉദ്ഘാടന വേളയിലാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്.
നിലവിൽ അഞ്ച് ടീമുകളാണ് വനിതാ പ്രീമിയർ ലീഗിൽ മാറ്റുരയ്ക്കുന്നത്: ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ജയന്റ്‌സ്, മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു, യു.പി. വാരിയേഴ്‌സ് എന്നിവയാണത്.
2023-ലാണ് വനിതാ പ്രീമിയർ ലീഗിന്റെ പ്രഥമ അധ്യായം ആരംഭിച്ചത്. മുംബൈ ഇന്ത്യൻസാണ് കന്നി കിരീടം സ്വന്തമാക്കിയത്. 2024-ൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു കിരീടം നേടി. കഴിഞ്ഞ വർഷം മുംബൈ ഇന്ത്യൻസ് വീണ്ടും കിരീടം തിരിച്ചുപിടിച്ചു.