വനിതാ ടി20 റാങ്കിങ്: ദീപ്തി ശർമയ്ക്ക് മുന്നേറ്റം; ബൗളർമാരിൽ ഒന്നാം റാങ്ക് നിലനിർത്തി ശ്രീ ചരണി

 

ഐ.സി.സി പുറത്തുവിട്ട ഏറ്റവും പുതിയ വനിതാ ടി20 ബൗളിങ് റാങ്കിങ്ങിൽ ഇന്ത്യൻ ഓൾറൗണ്ടർ ദീപ്തി ശർമയ്ക്ക് മുന്നേറ്റം. രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ദീപ്തി ആറാം റാങ്കിലേക്ക് ഉയർന്നു. നടപ്പ് ഏഷ്യാ കപ്പിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് എട്ട് വിക്കറ്റുകൾ വീഴ്ത്തിയ മികച്ച പ്രകടനമാണ് ദീപ്തിക്ക് റാങ്കിങ്ങിൽ തുണയായത്.

മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് വിക്കറ്റുകൾ സ്വന്തമാക്കിയ ഇന്ത്യയുടെ തന്നെ ശ്രീ ചരണി ബൗളിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി. ഇംഗ്ലണ്ടിന്റെ സോഫി എക്ലസ്റ്റോൺ, ചാർളി ഡീൻ, ലോറൻ ബെൽ, ദക്ഷിണാഫ്രിക്കയുടെ നോൻകുലുലേക്കോ മ്ലാബ എന്നിവരാണ് രണ്ടും അഞ്ചും സ്ഥാനങ്ങളിൽ. ഒന്നാം റാങ്കിലുള്ള ശ്രീ ചരണിയും ആറാമതുള്ള ദീപ്തിയും തമ്മിൽ 70 റേറ്റിങ് പോയിന്റുകളുടെ വ്യത്യാസം മാത്രമാണുള്ളത്.

ബാറ്റർമാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള വൈസ് ക്യാപ്റ്റൻ സ്മൃതി മന്ധാനയാണ് ഏറ്റവും ഉയർന്ന റാങ്കിലുള്ള ഇന്ത്യൻ താരം. ഷെഫാലി വർമ ഏഴാമതും ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പത്താമതുമുണ്ട്. ഹോങ്കോങ്ങിനെതിരായ ഏഷ്യാ കപ്പ് മത്സരത്തിൽ സ്മൃതി മന്ധാന സെഞ്ച്വറി നേടിയിരുന്നു. അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റുകളിലുമായി ഏറ്റവും കൂടുതൽ സെഞ്ച്വറികൾ (18) നേടുന്ന താരമെന്ന ചരിത്ര നേട്ടവും സ്മൃതി ഇതോടെ സ്വന്തമാക്കി.