ലോകകപ്പ്: കിരീടം നിലനിർത്താൻ അർജന്റീന നാളെയിറങ്ങും; എതിരാളികൾ അൾജീരിയ

 

ലോകകപ്പ് ഫുട്‌ബോളിൽ കിരീടം നിലനിർത്താനുള്ള പോരാട്ടത്തിനായി ലയണൽ മെസ്സിയും സംഘവും നാളെ മൈതാനത്തിറങ്ങും. ബുധനാഴ്ച രാവിലെ ഇന്ത്യൻ സമയം 6:30-ന് കൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ അൾജീരിയയാണ് അർജന്റീനയുടെ എതിരാളികൾ. ഇതിനുമുൻപ് ഇരുടീമുകളും ഒരേയൊരു തവണയാണ് നേർക്കുനേർ വന്നത്. അന്ന് വിജയം അർജന്റീനയ്ക്കൊപ്പമായിരുന്നു.

ഈ മത്സരത്തോടെ അർജന്റീന നായകൻ ലയണൽ മെസ്സിക്ക് ആറാം ലോകകപ്പ് എന്ന അപൂർവ്വ റെക്കോർഡും സ്വന്തമാകും. ഏറ്റവും കൂടുതൽ ലോകകപ്പുകളിൽ കളിച്ച താരമെന്ന ചരിത്രനേട്ടത്തോടെയാണ് മെസ്സി പന്തുതട്ടാനിറങ്ങുന്നത്. ലയണൽ സ്‌കലോനി 4-3-3 അല്ലെങ്കിൽ 4-3-1-2 ശൈലിയിലാകും ടീമിനെ വിന്യസിക്കുക. മുന്നേറ്റത്തിൽ മെസ്സിക്കൊപ്പം ലൗട്ടാറോ മാർട്ടിനെസും തിയാഗോ അൽമേഡയും അണിനിരക്കുമ്പോൾ മധ്യനിരയിൽ അലക്‌സിസ് മാക് അലിസ്റ്റർ, റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ് എന്നിവരുണ്ടാകും. എമിലിയാനോ മാർട്ടിനെസ് തന്നെയാണ് ഗോൾവല കാക്കുന്നത്.

മറുഭാഗത്ത് 2014-ന് ശേഷം ആദ്യമായി ലോകകപ്പിനെത്തുന്ന അൾജീരിയ വലിയൊരു അട്ടിമറി വിജയമാണ് ലക്ഷ്യമിടുന്നത്. യോഗ്യതാ റൗണ്ടിൽ ഒരൊറ്റ കളിയിൽ മാത്രമാണ് അവർ പരാജയപ്പെട്ടത്. മുന്നേറ്റത്തിൽ അമിനെ ഗുയ്‌രി, മുഹമ്മദ് അമൗറ എന്നിവരും മധ്യനിരയിൽ പ്രമുഖ താരം റിയാദ് മഹ്‌റെസ്, ഇബ്രാഹിം മാസ, നബീൽ ബെന്റ്‌ലബ് എന്നിവരും അണിനിരക്കുന്നതോടെ മത്സരം കടുക്കുമെന്നുറപ്പാണ്.