'വേൾഡ് കപ്പ് മോൺസ്റ്റർ' ഗില്ലെർമോ ഒച്ചോവ ഫുട്ബോളിൽ നിന്ന് വിരമിച്ചു; ആറ് ലോകകപ്പുകളിൽ കളിച്ച താരം
മെക്‌സിക്കോയുടെ ഇതിഹാസ ഗോൾകീപ്പർ ഗില്ലെർമോ ഒച്ചോവ ഫുട്ബോളിൽ നിന്ന് വിരമിച്ചു. 22 വർഷം നീണ്ടുനിന്ന പ്രൊഫഷണൽ കരിയറിനാണ് 41-ാം വയസ്സിൽ അദ്ദേഹം വിരാമമിട്ടത്. ക്ലബ്ബ് ഫുട്‌ബോളിൽ നിന്നും ദേശീയ ടീമിൽ നിന്നും ഒരേസമയം വിരമിക്കുന്നതായി ഒച്ചോവ ഔദ്യോഗികമായി അറിയിച്ചു.
ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവർക്കൊപ്പം ആറ് ലോകകപ്പുകളിൽ പങ്കെടുത്ത അപൂർവ്വ താരമെന്ന ബഹുമതിയും ഒച്ചോവയ്ക്കുണ്ട്. ഇതിൽ 2014, 2018, 2022 ലോകകപ്പുകളിൽ മെക്‌സിക്കോയുടെ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പറായിരുന്നു അദ്ദേഹം. 2004-ൽ ക്ലബ്ബ് അമേരിക്കയിലൂടെ കരിയർ ആരംഭിച്ച ഒച്ചോവ, യൂറോപ്പിൽ കളിക്കുന്ന ആദ്യ മെക്‌സിക്കൻ ഗോൾകീപ്പർ കൂടിയാണ്. അജാസിയോ, മലാഗ, ഗ്രാനഡ, സ്റ്റാൻഡേർഡ് ലീജ് തുടങ്ങിയ പ്രമുഖ യൂറോപ്യൻ ക്ലബ്ബുകൾക്കായും അദ്ദേഹം ഗ്ലൗസ് അണിഞ്ഞിട്ടുണ്ട്.
ദേശീയ ടീമിനായി ആറ് കോൺകാഫ് ഗോൾഡ് കപ്പുകളും 2020 ടോക്കിയോ ഒളിമ്പിക്സിൽ വെങ്കല മെഡലും നേടുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. ലോകകപ്പ് വേദിയിലെ അവിശ്വസനീയ പ്രകടനങ്ങൾ തന്നെയാണ് ഒച്ചോവയ്ക്ക് 'വേൾഡ് കപ്പ് മോൺസ്റ്റർ' എന്ന പേര് നേടിക്കൊടുത്തത്. 2014 ലോകകപ്പിൽ ബ്രസീലിനെതിരെയും 2018-ൽ ജർമ്മനിക്കെതിരെയും 2022-ൽ ലെവൻഡോസ്‌കിയുടെ പെനാൽറ്റി തടഞ്ഞും നടത്തിയ സേവുകൾ ഫുട്ബോൾ ലോകം എന്നും ഓർക്കുന്നവയാണ്. 2026 ലോകകപ്പിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ, കരിയർ ആരംഭിച്ച അതേ ആസ്റ്റക്ക സ്‌റ്റേഡിയത്തിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അവസാന അന്താരാഷ്ട്ര മത്സരം.