ക്രി​ക്കറ്റ് താരം സഞ്ജു പറഞ്ഞത് പച്ചക്കള്ളം?;  ഗുരുതര ആരോപണവുമായി മലയാളി യുവാവ്

 

മലയാളി താരം സഞ്ജു സാംസണിനെതിരെ ആരോപണവുമായി ന്യൂസിലന്‍ഡില്‍ താമസിക്കുന്ന മലയാളി യുവാവ്. അടുത്തിടെ സഞ്ജു നല്‍കിയ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ ചില കാര്യങ്ങൾ സത്യമല്ലെന്നാണ് ഇയാൾ ആരോപിക്കുന്നത്. തന്റെ പക്കല്‍ ഇതിന്റെ തെളിവുകളുണ്ടെന്നാണ് ഇയാള്‍ വാദിക്കുന്നത്. ന്യൂസിലാന്‍ഡില്‍ സ്ഥിര താമസമാക്കിയ രോഹനെന്ന മലയാളിയാണ് സ്വന്തം യുട്യൂബ് ചാനലിലൂടെ സഞ്ജുവിനെതിരേ ആഞ്ഞടിച്ചത്. രോഹൻ എന്ന മലയാളിയാണ് സഞ്ജുവിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

ഇന്ത്യന്‍ ടീം ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തിയപ്പോള്‍ ടീമിന്റെ ഭാഗമായിരുന്ന സഞ്ജു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരിയല്ലെന്നാണ് രോഹന്റെ വാദം. ഇന്ത്യന്‍ ടീമിനോടൊപ്പം ന്യൂസിലാന്‍ഡില്‍ പോയപ്പോള്‍ അവിടെ കാര്‍ വാടകയ്ക്കെടുക്കുകയായിരുന്നു. വിദേശത്തു എവിടെ പോയാലും ഈ രീതിയില്‍ കാര്‍ വാടകയ്ക്കെടുക്കാറുണ്ട്. ടീം പര്യടനം നടത്തുന്ന സമയം മുഴുവന്‍ ആ കാര്‍ ഞങ്ങള്‍ക്കൊപ്പമുണ്ടാവും. കളിക്കാനാണ് പോവുന്നതെങ്കിലും ടീമില്‍ അവസരം കിട്ടാതെ വരുമ്പോള്‍ ഈ കാറില്‍ അവിടെയുള്ള സ്ഥലങ്ങള്‍ ചുറ്റിക്കാണുകയാണ് ചെയ്തു പോരുന്നതെന്നുമെന്നായിരുന്നു അഭിമുഖത്തില്‍ സഞ്ജു പറഞ്ഞത്. ഇതിനെതിരെയാണ് രോഹൻ രംഗത്ത് വന്നത്.

ഹാമില്‍റ്റണിലെ സെഡാന്‍ പാര്‍ക്കില്‍ വച്ച് ഇന്ത്യയുടെ കളിയുണ്ടായിരുന്നു. തുടര്‍ന്ന് ടീമുമായി ബന്ധപ്പെട്ട ചിലര്‍ തന്നെ വിളിച്ചുവെന്നും തന്റെ ഔഡി കാറാണ് അന്നു സഞ്ജു ഉപയോഗിച്ചത് എന്നുമാണ് രോഹൻ പറയുന്നത്. ഞാനൊരു യൂട്യൂബറായതിനാലാണ് അന്നു സഞ്ജുവിനു കാര്‍ കൊടുക്കാന്‍ തീരുമാനിച്ചത്. അതുകൊണ്ട് എനിക്കു സഞ്ജുവിനൊപ്പമുള്ള വീഡിയോയെല്ലാം ചെയ്താല്‍ ചില മെച്ചങ്ങളുണ്ടാവാമെന്നും കണക്കുകൂട്ടിയതായി രോഹന്‍ പറയുന്നു.

‘ഞാന്‍ ഈ കാര്‍ വാങ്ങിയിട്ട് അന്നു അധികം കാലമായിരുന്നില്ല. ഭാര്യക്കും ഉറ്റ സുഹൃത്തുക്കള്‍ക്കു പോലും കാര്‍ ഓടിക്കാന്‍ ഞാന്‍ കൊടുത്തിരുന്നില്ല. പക്ഷെ സഞ്ജുവിനു ഞാന്‍ കാര്‍ വിട്ടു നല്‍കുകയായിരുന്നു. ഫുള്‍ ടാങ്ക് പെട്രോളെല്ലാം അടിച്ച് കാര്‍ നല്ല വൃത്തിയിലാണ് ഞാന്‍ അദ്ദേഹത്തിനു നേരിട്ടു കൊണ്ടുപോയി കൊടുത്തത്. രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് സഞ്ജു എനിക്കു കാര്‍ തിരികെ നല്‍കിയത്. കാര്‍ നല്‍കാന്‍ പോയപ്പോള്‍ അദ്ദേഹവുമായി സംസാരിച്ചെങ്കിലും അതു അത്ര രസമുള്ളതായിരുന്നില്ല. കാര്‍ തിരിച്ചു നല്‍കിയ ശേഷം സഞ്ജു എനിക്കു മെസേജ് ചെയ്തിരുന്നു. അദ്ദേഹത്തിനു കാര്‍ നല്‍കുകയും സംസാരിക്കുകയും ചെയ്യുന്ന വീഡിയോസൊന്നും ചാനലില്‍ അപ്ലോഡ് ചെയ്യരുതെന്നാണ് മെസേജില്‍ ആവശ്യപ്പെട്ടത്. ഇന്ത്യന്‍ ടീമുമായി കരാറുള്ളതിനാല്‍ വീഡിയോ ഇടാന്‍ പാടില്ലെന്നാണ് തനിക്കു അറിയാന്‍ കഴിഞ്ഞതെന്നും സഞ്ജു അതില്‍ കുറിച്ചിരുന്നു.

പക്ഷെ കാര്‍ നല്‍കുമ്പോള്‍ തന്നെ ഞാനൊരു യൂട്യുബറായതിനാല്‍ വീഡിയോ എടുക്കണമെന്നു അദ്ദേഹത്തോടു പറഞ്ഞിട്ടുള്ളതാണ്. ഇതു അറിയാമായിരുന്നിട്ടും സഞ്ജു എന്തുകൊണ്ടാണ് വീഡിയോ എടുക്കാന്‍ പറ്റില്ലെന്നു എന്നോടു ആദ്യം പറയാതിരുന്നത്? കാറെല്ലാം ഉപയോഗിച്ച് എല്ലാം കഴിഞ്ഞ ശേഷം പോവാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വീഡിയോ ഒന്നും പോസ്റ്റ് ചെയ്യരുതെന്നു സഞ്ജു പറയുന്നത്. ഇതെല്ലാം പോട്ടെയെന്നു വയ്ക്കാം. പക്ഷെ ന്യൂസിലാന്‍ഡിലൊക്കെ പോയപ്പോള്‍ ചില സുഹൃത്തുക്കളോ, ഫാന്‍സോയൊക്കെ തനിക്കു അവിടെ ഉപയോഗിക്കാന്‍ വേണ്ടി കാര്‍ വിട്ടു നല്‍കിയിരുന്നതായി സഞ്ജുവിനു അഭിമുഖത്തില്‍ പറയാമായിരുന്നു. അല്ലാതെ വാടകയ്ക്കെടുത്തുവെന്നു പറയരുത്.

എനിക്കു വാഹനം വാടകയ്ക്കു നല്‍കുന്ന ഒരു പരിപാടിയുമില്ല. അതുകൊണ്ടു തന്നെ സഞ്ജു അഭിമുഖത്തില്‍ പറഞ്ഞതു കേട്ടപ്പോള്‍ വലിയ വിഷമം തോന്നി. കാരണം നീ കാര്‍ വാടകയ്ക്കു കൊടുത്തതായിരുന്നോയെന്നാണ് ഈ അഭിമുഖം കണ്ടതിനു ശേഷം സുഹൃത്തുക്കളെല്ലം എന്നെ വിളിച്ച് ചോദിച്ചത്. കാര്‍ തിരികെ വാങ്ങിക്കാന്‍ ഭാര്യയെയും, സുഹൃത്തുക്കളെയുമൊക്കെ ഒക്കെ കൂട്ടിയാണ് ഞാന്‍ സഞ്ജു താമസിച്ചിരുന്ന ഹോട്ടലിലേക്കു പോയത്. പക്ഷെ സഞ്ജു കാറിന്റെ താക്കോല്‍ റിസപ്ഷനില്‍ ഏല്‍പ്പ് പോവുകയാണ് ചെയ്തത്. ഒരു താങ്ക് കാര്‍ഡ് പോലും അദ്ദേഹം വച്ചില്ല. അതു മാത്രമല്ല കാര്‍ തിരികെ നല്‍കുമ്പോള്‍ ഒരു തുള്ളി പെട്രോള്‍ പോലും സഞ്ജു അടിച്ചിരുന്നില്ല. കൂടാതെ ഓഫ് റോഡിലടക്കം ഓടിച്ച് കാറിനകത്ത് മണ്ണും ചെളിയുമെല്ലാമാക്കി വൃത്തികേടാക്കിയാണ് തിരികെ തന്നത്’, രോഹൻ തുറന്നടിച്ചു.