ഡൽഹി ക്യാപിറ്റൽസ് സഹപരിശീലകനായി യുവരാജ് സിങ്; സൗരവ് ഗാംഗുലിക്കൊപ്പം ഇരട്ട റോളിൽ യുവി

 

മുൻ ഇന്ത്യൻ ഓൾറൗണ്ടറും ഇതിഹാസ താരവുമായ യുവരാജ് സിങ് ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലക സംഘത്തിലേക്ക്. ടീമിന്റെ മുഖ്യ പരിശീലകനായി സൗരവ് ഗാംഗുലി ചുമതലയേറ്റതിന് തൊട്ടുപിന്നാലെയാണ് സഹപരിശീലകൻ, ബാറ്റിങ് കോച്ച് എന്നീ ഇരട്ട ചുമതലകളോടെ യുവരാജിന്റെ നിയമനം. കരിയറിൽ ആദ്യമായാണ് ഒരു ഐ.പി.എൽ ടീമിന്റെ പരിശീലക റോളിൽ യുവരാജ് സിങ് എത്തുന്നത്.

ഇന്ത്യൻ ക്യാപ്റ്റനായിരുന്ന കാലത്ത് യുവരാജിന്റെ കരിയറിന് കരുത്ത പകർന്ന് പിന്തുണച്ച സൗരവ് ഗാംഗുലിയുമായി വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഇതിനുണ്ട്. മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെയുള്ള മുൻനിര ഇന്ത്യൻ താരങ്ങൾക്ക് ബാറ്റിങ് ഉപദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നൽകിയുള്ള പരിചയസമ്പത്തുമായാണ് യുവരാജിന്റെ വരവ്. 2015-ൽ 16 കോടി രൂപയുടെ റെക്കോർഡ് തുകയ്ക്ക് ഡൽഹി ഡെയർഡെവിൾസിനായി (നിലവിലെ ഡൽഹി ക്യാപിറ്റൽസ്) കളിച്ചിട്ടുള്ള താരത്തിന് ഇത് ടീമിലേക്കുള്ള രണ്ടാം വരവ് കൂടിയാണ്.