ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് യുസ്‌വേന്ദ്ര ചഹൽ

 

ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ ഫസ്റ്റ് ക്ലാസ് (റെഡ് ബോൾ) ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 17 വർഷം നീണ്ട കരിയറിനാണ് 35-കാരനായ താരം വിരാമം കുറിച്ചത്. ഇന്ത്യക്കായി ടെസ്റ്റ് മത്സരം കളിക്കുക എന്ന സ്വപ്നം പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിലും ഏകദിന, ടി20 പോരാട്ടങ്ങളിൽ രാജ്യത്തിനായി തുടർന്നും കളിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ചഹൽ വിരമിക്കൽ കുറിപ്പിൽ വ്യക്തമാക്കി.

2009-ൽ ഹരിയാനയ്ക്ക് വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയ ചഹൽ 49 മത്സരങ്ങളിൽ നിന്നായി 148 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ ചരിത്രപ്രസിദ്ധമായ ലോർഡ്സ് മൈതാനത്താണ് കരിയറിലെ അവസാന ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചതെന്നും അദ്ദേഹം കുറിച്ചു. ഇന്ത്യക്കായി 72 ഏകദിനങ്ങളിലും 80 ടി20 മത്സരങ്ങളിലും അണിനിരന്ന ചഹൽ 2023 ഓഗസ്റ്റിലാണ് അവസാനമായി ഇന്ത്യൻ ജേഴ്സിയിൽ വൈറ്റ് ബോൾ ക്രിക്കറ്റ് കളിച്ചത്.