ഇതിഹാസ താരം സിനദിൻ സിദാൻ പുതിയ ഫ്രഞ്ച് പരിശീലകൻ
ഫ്രഞ്ച് ഫുട്‌ബോൾ ടീം പരിശീലകനായി ഇതിഹാസതാരം സിനദിൻ സിദാൻ ഔദ്യോഗികമായി ചുമതലയേറ്റു. ദീർഘകാലമായി ഫ്രാൻസിന്റെ പരിശീലകനായിരുന്ന ദിദിയർ ദെഷാംപ്‌സ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് സിദാന്റെ നിയമനം. ഫ്രഞ്ച് ഫുട്‌ബോൾ അസോസിയേഷൻ സിദാന്റെ നിയമനത്തിന് ഔദ്യോഗിക അംഗീകാരം നൽകി.
14 വർഷക്കാലം ഫ്രഞ്ച് ടീമിനെ നയിച്ച ദെഷാംപ്‌സിന്റെ പരിശീലനത്തിന് കീഴിലാണ് ഫ്രാൻസ് ഇക്കഴിഞ്ഞ ലോകകപ്പിൽ മത്സരിച്ചത്. എന്നാൽ ലോകകപ്പിലെ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ ഇംഗ്ലണ്ടിനോട് 6-4 ന് പരാജയപ്പെട്ട് ഫ്രാൻസിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. 1998-ൽ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിൽ സിദാനും ദെഷാംപ്‌സും ഒരുമിച്ച് കളിച്ചിട്ടുണ്ട്.
54-കാരനായ സിദാൻ ഇതാദ്യമായാണ് ഒരു ദേശീയ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്. മുൻപ് സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിനെ രണ്ടു തവണ (2016, 2021) പരിശീലിപ്പിച്ച അദ്ദേഹം തുടർച്ചയായി മൂന്ന് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും രണ്ട് ലാ ലിഗ കിരീടങ്ങളും ക്ലബ്ബിന് നേടിക്കൊടുത്തിട്ടുണ്ട്. കൂടാതെ ഫിഫ ക്ലബ് വേൾഡ് കപ്പ്, യുവേഫ സൂപ്പർ കപ്പ്, സ്പാനിഷ് സൂപ്പർ കപ്പ് എന്നിവയും അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ റയൽ നേടിയിട്ടുണ്ട്. വരാനിരിക്കുന്ന യുവേഫ നേഷൻസ് ലീഗ് ടൂർണമെന്റാണ് ഫ്രഞ്ച് പരിശീലകനെന്ന നിലയിൽ സിദാന്റെ ആദ്യ പ്രധാന പരീക്ഷണം.