ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി വിരാട് കോഹ്‌ലി; രോഹിത് ശർമ്മ മൂന്നാമത്
ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് വിരാട് കോഹ്‌ലി. വഡോദരയിൽ നടന്ന ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ 91 പന്തിൽ നിന്ന് 93 റൺസ് നേടി നടത്തിയ മിന്നും പ്രകടനമാണ് കോഹ്‌ലിയെ വീണ്ടും സിംഹാസനത്തിൽ എത്തിച്ചത്. 785 റേറ്റിംഗ് പോയിന്റോടെയാണ് കോഹ്‌ലി ഒന്നാമതെത്തിയത്. ഇതോടെ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യൻ നായകൻ രോഹിത് ശർമ്മ (775 പോയിന്റ്) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 784 പോയിന്റുള്ള ന്യൂസിലൻഡ് താരം ഡാരി മിച്ചലാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്.
ഇത് പതിനൊന്നാം തവണയാണ് കോഹ്‌ലി ഏകദിന ബാറ്റിംഗ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്. ഇതിനു മുൻപ് 2021 ജൂലൈയിലായിരുന്നു താരം ഒന്നാം റാങ്ക് അലങ്കരിച്ചത്. ഏറ്റവും കൂടുതൽ തവണ ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ഇന്ത്യൻ താരം എന്ന റെക്കോർഡും ഇതോടെ കോഹ്‌ലിക്ക് സ്വന്തമായി. കഴിഞ്ഞ കുറച്ചു മാസങ്ങളായി മികച്ച ഫോമിലാണ് കോഹ്‌ലി കളിക്കുന്നത്. നവംബറിൽ ഓസ്‌ട്രേലിയക്കെതിരെ ആദ്യ രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായെങ്കിലും പിന്നീട് ശക്തമായി തിരിച്ചുവരികയായിരുന്നു.
ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന പരമ്പരയിൽ 135, 102, പുറത്താകാതെ 65 എന്നിങ്ങനെ റൺസ് നേടി പരമ്പരയിലെ താരമായതും കോഹ്‌ലിയായിരുന്നു. നിലവിലെ ഫോം തുടരുകയാണെങ്കിൽ വരാനിരിക്കുന്ന മത്സരങ്ങളിലും കോഹ്‌ലിക്ക് ഒന്നാം സ്ഥാനം നിലനിർത്താനാകുമെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷ. ലോക ക്രിക്കറ്റിൽ കോഹ്‌ലിയുടെ അപ്രമാദിത്യം ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ഈ പുതിയ റാങ്കിംഗ് പട്ടിക.