യൂട്യൂബിൽ വ്യൂസ് കണക്കാക്കുന്ന രീതിയിൽ നിർണായക മാറ്റം; ആദ്യ സെക്കന്റിൽ തന്നെ വ്യൂ രേഖപ്പെടുത്തും
യൂട്യൂബ് വീഡിയോകളിലെ വ്യൂസ് കണക്കാക്കുന്ന രീതിയിൽ വലിയ മാറ്റം വരുത്താനൊരുങ്ങി ഗൂഗിൾ. ഓഗസ്റ്റ് 24 മുതൽ ഒരു വീഡിയോ പ്ലേ ചെയ്യുന്ന ആദ്യ നിമിഷം മുതൽ തന്നെ അത് ഒരു വ്യൂ ആയി കണക്കാക്കും. ഒരു വീഡിയോ നിശ്ചിത സമയം കണ്ടാൽ മാത്രം വ്യൂ ലഭിച്ചിരുന്ന പഴയ രീതിയാണ് ഇതിലൂടെ മാറുന്നത്.
വീഡിയോ പ്ലേ ബട്ടൺ അമർത്തുന്ന നിമിഷം മുതൽ വ്യൂ ആയി മാറുന്ന ഈ രീതി ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് എന്നിവയിലാണ് നിലവിലുള്ളത്. ഷോർട്ട്‌സുകൾക്ക് പുറമെ ലോംഗ്-ഫോം വീഡിയോകൾക്കും ലൈവ് സ്ട്രീമുകൾക്കും ഇനി ഇത് ബാധകമായിരിക്കും. ഇതോടെ വീഡിയോകളുടെ പൊതുവായ വ്യൂ കൗണ്ട് വളരെ വേഗത്തിൽ വർദ്ധിക്കാൻ സാധ്യതയുണ്ട്.
അതേസമയം ഇതൊരു മെട്രിക് പരിഷ്കാരം മാത്രമാണെന്നും ക്രിയേറ്റർമാരുടെ വരുമാനത്തെയോ യൂട്യൂബ് പാർട്ണർ പ്രോഗ്രാം യോഗ്യതകളെയോ ബാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കി. എൻഗേജ്ഡ് വ്യൂസ്, എൻഗേജ്ഡ് വാച്ച് അവേഴ്സ് എന്നിവ അടിസ്ഥാനമാക്കിയുള്ള വരുമാന രീതി മാറ്റമില്ലാതെ തുടരും. എല്ലാ ഫോർമാറ്റുകളിലും വ്യൂസ് കണക്കാക്കുന്നതിലെ ആശയക്കുഴപ്പം ഒഴിവാക്കാനാണ് ഈ പരിഷ്കാരം. കൃത്യമായ കണക്കുകൾ അറിയാൻ ക്രിയേറ്റർമാർക്ക് യൂട്യൂബ് അനലിറ്റിക്‌സിലെ അഡ്വാൻസ്ഡ് മോഡ് ഉപയോഗിക്കാവുന്നതാണ്.