ഇന്നും നാളെയും ആകാശത്ത് അതിമനോഹരമായ പെഴ്സിഡ് ഉൽക്കാപ്രവാഹം
ഇന്നും നാളെയും (ഓഗസ്റ്റ് 11, 12) പാതിരാവിനുശേഷം ആകാശത്ത് അതിമനോഹരമായ പെഴ്സിഡ് ഉൽക്കാപ്രവാഹം നിരീക്ഷിക്കാം. മഴമേഘങ്ങൾ മാറിനിന്നാൽ വെറുംകണ്ണുകൊണ്ടുതന്നെ ഈ ഉൽക്കാവർഷം കാണാനാകും. എല്ലാ വർഷവും ഓഗസ്റ്റ് രണ്ടാം വാരത്തോടടുത്ത് ഈ പ്രവാഹം ദൃശ്യമാകാറുണ്ടെങ്കിലും ഇത്തവണ കറുത്ത വാവ് ദിവസത്തിൽ തന്നെ ഇത് പാരമ്യത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
ഇരുട്ടിന്റെ കട്ടി കൂടുന്തോറും ഉൽക്കകളുടെ തിളക്കവും ഏറും. ഇന്ത്യയിൽ ദൃശ്യമല്ലെങ്കിലും ഓഗസ്റ്റ് 12-ന് പൂർണ സൂര്യഗ്രഹണവും നടക്കുന്നുണ്ട്. കൂടാതെ ഓഗസ്റ്റ് 12-ന് അതിരാവിലെ 5.15 മുതൽ 5.19 വരെ അന്താരാഷ്ട്ര ബഹിരാകാശ നിലയം തെക്കുപടിഞ്ഞാറൻ മാനത്തുനിന്ന് വടക്കുകിഴക്കൻ മാനത്തേക്ക് സഞ്ചരിക്കുന്നതും കാണാം.
'സ്വിഫ്റ്റ്-ടട്ടിൽ' (Swift-Tuttle) എന്ന വാൽനക്ഷത്രം ഉപേക്ഷിച്ചുപോയ പൊടിപടലങ്ങളുടെയും അവശിഷ്ടങ്ങളുടെയും ഇടയിലൂടെ ഭൂമി കടന്നുപോകുമ്പോഴാണ് ഈ ഉൽക്കാപ്രവാഹം ഉണ്ടാകുന്നത്. ഈ സമയത്ത് മണിക്കൂറിൽ 50 മുതൽ 100 വരെ ഉൽക്കകൾ വരെ ദൃശ്യമാകാറുണ്ടെന്ന് അമച്വർ വാനനിരീക്ഷകനും കോളമിസ്റ്റുമായ സുരേന്ദ്രൻ പുന്നശ്ശേരി പറഞ്ഞു. പെഴ്സ്യൂസ് നക്ഷത്രഗണത്തിന്റെ പശ്ചാത്തലത്തിൽ നിന്ന് വരുന്നതായി തോന്നുന്നതിനാലാണ് ഇതിന് പെഴ്സിഡ് എന്ന പേര് ലഭിച്ചത്.