മിഡിൽ ഈസ്റ്റിലെ ആദ്യ ഡ്രൈവറില്ലാ ബസ് സർവീസിന് അബൂദബി ഒരുങ്ങുന്നു
കൃത്രിമബുദ്ധിയുടെ കരുത്തിൽ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി അബൂദബി എമിറേറ്റ്. മിഡിൽ ഈസ്റ്റ്-വടക്കേ ആഫ്രിക്കൻ (MENA) മേഖലയിലെ തന്നെ ആദ്യത്തെ സ്വയംനിയന്ത്രിത ഡ്രൈവറില്ലാ പൊതുബസ് സർവീസ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കാനാണ് തലസ്ഥാന നഗരി ഒരുങ്ങുന്നത്. നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ സ്മാർട്ട് യാത്രാസംവിധാനങ്ങൾ എമിറേറ്റിൽ ഉടനീളം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തന്ത്രപ്രധാന നീക്കം.
പദ്ധതിയുടെ ഭാഗമായി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പിന് (DMT) കീഴിലുള്ള അബൂദബി മൊബിലിറ്റിയും യു.എ.ഇ ആസ്ഥാനമായ പ്രമുഖ സ്മാർട്ട് മൊബിലിറ്റി കമ്പനിയായ ലുമോയും (Lumo) തമ്മിൽ പൈലറ്റ് പ്രൊജക്റ്റ് ആരംഭിക്കുന്നതിനുള്ള വിപുലമായ ചർച്ചകൾ പൂർത്തിയാക്കി. സ്മാർട്ട് ആൻഡ് ഓട്ടോണമസ് സിസ്റ്റംസ് കൗൺസിലിന്റെ പങ്കാളിത്തത്തോടെ നടന്ന യോഗത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സാങ്കേതിക പഠനങ്ങളും യാത്രാ മാതൃകകളും ഇരുവിഭാഗവും അവലോകനം ചെയ്തു.
വരുന്ന 2040ഓടെ അബൂദബിയിലെ മൊത്തം പൊതുഗതാഗത യാത്രകളുടെ 25 ശതമാനവും പൂർണ്ണമായും സ്മാർട്ട് സ്വയംനിയന്ത്രിത സംവിധാനങ്ങളിലേക്ക് മാറ്റുകയാണ് ലക്ഷ്യം. 'അബൂദബി സ്മാർട്ട് ആൻഡ് ഓട്ടോണമസ് മൊബിലിറ്റി സ്ട്രാറ്റജി'യുടെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതി യു.എ.ഇയുടെ ഗതാഗത മേഖലയിൽ വലിയൊരു നാഴികക്കല്ലാകുമെന്ന് അബൂദബി മൊബിലിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹമദ് ആദിൽ അൽ അഫീഫി വ്യക്തമാക്കി.