ചാറ്റ്ജിപിടിയിലും ഇനി പരസ്യങ്ങൾ; ഇന്ത്യയിൽ ഫ്രീ പ്ലാനുകളിൽ പരസ്യങ്ങൾ കണ്ടുതുടങ്ങും

 

ഇന്ത്യയിൽ ചാറ്റ്ജിപിടിയിൽ പരസ്യങ്ങൾ അവതരിപ്പിച്ച് ഓപ്പൺഎഐ. ലോഗിൻ ചെയ്ത മുതിർന്ന ഉപയോക്താക്കൾക്ക് ഫ്രീ, ഗോ പ്ലാനുകളിൽ ഇനി പരസ്യങ്ങൾ കാണാം. അതേസമയം പ്ലസ്, പ്രോ ഉൾപ്പെടെയുള്ള പെയ്ഡ് പ്ലാനുകൾ പരസ്യരഹിതമായി തന്നെ തുടരും. ഈ ആഴ്ച 50-ലേറെ പ്രമുഖ ബ്രാൻഡുകൾ ചാറ്റ്ജിപിടിയിൽ പരസ്യം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡബ്ല്യു.പി.പിയും ഒമ്നികോമുമാണ് ആദ്യഘട്ടത്തിലെ ഏജൻസി പങ്കാളികൾ.

സെപ്റ്റംബർ നാലു മുതൽ കമ്പനികൾക്ക് ചാറ്റ്ജിപിടി ആഡ്സ് മാനേജർ വഴി നേരിട്ട് പരസ്യ കാമ്പയിനുകൾ ആരംഭിക്കാനാകും. പ്രതിദിനം 725 രൂപ മുതൽ ബജറ്റ് നിശ്ചയിക്കാമെന്നതിനാൽ വലിയ ബ്രാൻഡുകൾക്കൊപ്പം ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്കും ചാറ്റ്ജിപിടിയിൽ പരസ്യം നൽകാൻ സാധിക്കും. യാത്ര, ധനകാര്യം, റീട്ടെയിൽ, ആരോഗ്യം തുടങ്ങിയ മേഖലകളിൽ നിന്നുള്ള കമ്പനികളാണ് ആദ്യഘട്ടത്തിൽ പരസ്യത്തിന് പ്രധാനമായും താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളത്.

പരമ്പരാഗത സെർച്ച് പരസ്യങ്ങളിൽ നിന്ന് വേറിട്ട രീതിയിലാണ് ചാറ്റ്ജിപിടിയിലെ പരസ്യ സംവിധാനം പ്രവർത്തിക്കുക. കീവേഡ് അധിഷ്ഠിതമായി പരസ്യം നൽകുന്നതിന് പകരം, സംഭാഷണത്തിനിടെ ഉപയോക്താവ് പ്രകടിപ്പിക്കുന്ന താൽപര്യവും ആവശ്യവും പരിഗണിച്ചായിരിക്കും പരസ്യം പ്രദർശിപ്പിക്കുക. ഉപയോക്താവിന്റെ ചോദ്യത്തിന് താഴെയായി ഇത് 'പരസ്യം' (Sponsored) എന്ന് വ്യക്തമായി രേഖപ്പെടുത്തി കാണിക്കും. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളോ ചാറ്റ് ഉള്ളടക്കമോ പരസ്യദാതാക്കൾക്ക് കൈമാറില്ലെന്നും ഓപ്പൺഎഐ ഉറപ്പുനൽകുന്നു.