'പരിസ്ഥിതി സംരക്ഷണം AI അനുവദിക്കാനിടയില്ല'; RE100-ൽനിന്ന് മെറ്റ പിന്മാറി, ഗൂഗിളടക്കം തുടരും

 

കൃത്രിമബുദ്ധി (എ.ഐ) സാങ്കേതികവിദ്യയുടെ വൻ മുന്നേറ്റത്തിനായി പരിസ്ഥിതി സംരക്ഷണ വാഗ്ദാനങ്ങളിൽ നിന്ന് പിന്നാക്കം പോയി മെറ്റ. പൂർണമായും പുനരുപയോഗ ഊർജം മാത്രം ഉപയോഗിക്കുമെന്ന് പ്രതിജ്ഞയെടുത്ത ആഗോള കൂട്ടായ്മയായ 'RE100'-ൽ നിന്നാണ് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ പിന്മാറിയത്.

വിപുലമായ എ.ഐ ഡാറ്റാ സെന്ററുകൾക്ക് തടസ്സമില്ലാതെ വൻതോതിൽ വൈദ്യുതി ആവശ്യമായി വന്നതോടെയാണ് കമ്പനി നയം മാറ്റിയത്. ഇതിനായി പ്രകൃതിവാതകം അടിസ്ഥാനമാക്കിയുള്ള പവർ പ്ലാന്റുകളിൽ മെറ്റ നിക്ഷേപം വർധിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് RE100-ന്റെ സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കാൻ മെറ്റയ്ക്ക് സാധിക്കാതെ വന്നത്.

എ.ഐ സംവിധാനങ്ങളുടെ വികസനവും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ചു കൊണ്ടുപോകാൻ ടെക് ഭീമന്മാർ അനുഭവിക്കുന്ന വലിയ പ്രയാസമാണ് ഈ സംഭവം വ്യക്തമാക്കുന്നത്. മെറ്റ സഖ്യം വിട്ടെങ്കിലും ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ പ്രമുഖ കമ്പനികൾ കൂടുതൽ ഹരിത സാങ്കേതികവിദ്യകൾ വികസിപ്പിച്ചുകൊണ്ട് സഖ്യത്തിൽ തുടരുകയാണ്.