'എ.ഐ നിയന്ത്രണം അനിവാര്യം'; തൊഴിൽ പ്രതിസന്ധിക്കെതിരെ മുന്നറിയിപ്പുമായി നോബൽ ജേതാക്കളും ടെക് വിദഗ്ധരും
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യയുടെ അതിവേഗത്തിലുള്ള വളർച്ച ആഗോള തൊഴിൽ മേഖലയിൽ കനത്ത അനിശ്ചിതത്വത്തിന് വഴിയൊരുക്കുമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞരുടെയും ടെക് വിദഗ്ധരുടെയും മുന്നറിയിപ്പ്. 'വി മസ്റ്റ് ആക്ട് നൗ' (We Must Act Now) എന്ന പേരിൽ പുറത്തിറക്കിയ തുറന്ന കത്തിലാണ് വരാനിരിക്കുന്ന വലിയ തൊഴിൽ വിസ്ഥാപനങ്ങളെക്കുറിച്ച് ഇവർ ആശങ്ക പങ്കുവെക്കുന്നത്. അടുത്ത പത്ത് വർഷത്തിനുള്ളിൽ എ.ഐ സാങ്കേതികവിദ്യ കൈവരിക്കുന്ന അതിശക്തമായ വളർച്ച, വ്യാവസായിക വിപ്ലവത്തേക്കാൾ വലിയ സാമ്പത്തിക മാറ്റങ്ങൾക്ക് കാരണമാകുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. വ്യാവസായിക വിപ്ലവത്തെക്കാൾ വളരെ കുറഞ്ഞ സമയത്തിനുള്ളിലായിരിക്കും ഈ മാറ്റം സംഭവിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. വൻതോതിലുള്ള തൊഴിൽ നഷ്ടം ഉണ്ടാകാമെങ്കിലും, കൃത്യമായ രീതിയിൽ നിയന്ത്രിച്ചാൽ ഇത് ജീവിതനിലവാരം ഉയർത്താനുള്ള മികച്ച അവസരമാകുമെന്നും ഇവർ വ്യക്തമാക്കുന്നു.
സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയുടെ ഡിജിറ്റൽ ഇക്കോണമി ലാബ് മുൻകൈയെടുത്ത കത്തിൽ 16 നോബൽ സമ്മാന ജേതാക്കൾ ഉൾപ്പെടെ ഇരുനൂറോളം പ്രമുഖരാണ് ഒപ്പുവെച്ചിരിക്കുന്നത്. മുൻ ഗൂഗിൾ സി.ഇ.ഒ എറിക് ഷ്മിത്ത്, ലിങ്ക്ഡ്ഇൻ സഹസ്ഥാപകൻ റീഡ് ഹോഫ്മാൻ, നിക്ഷേപകൻ വിനോദ് ഖോസ്ല, എ.ഐ ഗവേഷകരായ യോഷുവ ബെഞ്ചിയോ, യാൻ ലെകൂൺ തുടങ്ങിയവരും ഒപ്പുവെച്ചവരിൽ ഉൾപ്പെടുന്നു.
നിലവിൽ തന്നെ വൻകിട കമ്പനികൾ 'എ.ഐ റീസ്ട്രക്ചറിങ്' എന്ന പേരിൽ വ്യാപകമായി ജീവനക്കാരെ പിരിച്ചുവിടുന്നുണ്ട്. മെറ്റ, ആമസോൺ, ഒറാക്കിൾ, കോഗ്നിസന്റ് തുടങ്ങിയ പ്രമുഖ കമ്പനികൾ ഇതിനകം തന്നെ ഈ നടപടികളിലേക്ക് കടന്നുകഴിഞ്ഞു. എന്നാൽ, എ.ഐ മൂലമുള്ള ആശങ്കകളെ തള്ളിക്കളയുന്നവരും രംഗത്തുണ്ട്. ഇത്തരത്തിലുള്ള മുന്നറിയിപ്പുകൾ വെറും അതിശയോക്തി കലർന്ന ഭയമാണെന്ന് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ഉൾപ്പെടെയുള്ളവർ നേരത്തെ വാദിച്ചിരുന്നു. തങ്ങൾ എ.ഐ സാങ്കേതികവിദ്യക്ക് എതിരല്ലെന്നും എന്നാൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളെ നേരിടാൻ സർക്കാരുകളും നയരൂപീകരണക്കാരും അടിയന്തരമായി തയ്യാറെടുക്കണമെന്നുമാണ് വിദഗ്ധർ ആവശ്യപ്പെടുന്നത്. എ.ഐയെ മനുഷ്യർക്ക് ഉപകാരപ്രദമായ രീതിയിൽ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനെക്കുറിച്ചാണ് ഇപ്പോൾ ഗൗരവകരമായ ചർച്ചകൾ നടക്കേണ്ടതെന്നും കത്തിൽ വ്യക്തമാക്കുന്നു.