'എ.ഐ പുതിയ തൊഴിലവസരങ്ങൾ തുറക്കും, ആശങ്ക വേണ്ട': മാർക്ക് സക്കർബർഗ്

 

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) വളർച്ച തൊഴിലില്ലായ്മയ്ക്ക് കാരണമാകുമെന്ന ആശങ്കകൾക്കിടെ പ്രതീക്ഷ പങ്കുവെച്ച് മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ്. എ.ഐ സാങ്കേതികവിദ്യ സമൂഹത്തിൽ വൻതോതിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. എ.ഐ വികസനത്തിന്റെ ഭാഗമായി മെറ്റ 8,000 ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് സക്കർബർഗിന്റെ പ്രസ്താവന.

പുതിയ സാങ്കേതികവിദ്യകൾ വരുമ്പോൾ പുതിയ മേഖലകൾ തുറക്കപ്പെടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു തലമുറ മുമ്പ് ആപ്പ് ഡെവലപ്പർമാർ, സോഷ്യൽ മീഡിയ ക്രിയേറ്റർമാർ, ഇലക്ട്രിക് വാഹന ടെക്നീഷ്യൻമാർ തുടങ്ങിയ ജോലികൾ നിലവിലുണ്ടായിരുന്നില്ല. സമാനമായി എ.ഐയുടെ വളർച്ചയോടെ നിലവിൽ സങ്കൽപ്പിക്കാൻ കഴിയാത്ത പുതിയ തൊഴിലുകൾ രൂപപ്പെടും.

ഭാവിയിൽ ചെറിയ സ്റ്റാഫുകളുള്ള കൂടുതൽ കമ്പനികൾ വരും. ഇത് മൊത്തത്തിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം എ.ഐ മേഖലയിൽ 145 ബില്യൺ ഡോളർ വരെ നിക്ഷേപിക്കാനാണ് മെറ്റ പദ്ധതിയിടുന്നത്.